ശക്തികേന്ദ്രത്തില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്


പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. ബിജെപിയുടെ സിറ്റിങ് സീറ്റ് ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് പിടിച്ചടക്കി. ബിജെപിയുടെ ഉരുക്കുകോട്ടയായി കരുതുന്ന മണ്ഡലം 1,93,219 എന്ന വമ്പന്‍ ഭൂരിപക്ഷ ത്തിലാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് മാസം മുമ്പ് നേടിയ മികച്ച ജയം പഞ്ചാബില്‍ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തുടരുകയാണ്. ബിജെപിയുടെ സ്വരണ്‍ സലേറിയക്കെതിരെയാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ സുനില്‍ ജാക്കറുടെ മികച്ച ജയം.ആറ് മാസം പ്രായമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണനേട്ടമാണ് ഉപതെരഞ്ഞെടുപ്പിലെ ലീഡീല്‍ പ്രതിഫലിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ബിജെപി നേതാവും ബോളിവുഡ് താരവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് തവണ ബിജെപി ടിക്കറ്റില്‍ ഗുരുദാസ്പൂരില്‍ ജയിച്ചുകയറിയ വിനോദ് ഖന്ന ഒരുവട്ടം മാത്രമാണ് ഇവിടെ പരാജയപ്പെട്ടത്. ഏപ്രിലില്‍ അര്‍ബുദത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് സംജാതമായത്.
ത്രികോണ മല്‍സരമാണ് പഞ്ചാബില്‍ നടന്നത്. മൂന്നാം സ്ഥാനത്ത് ആംആദ്മി പാര്‍ട്ടിയുടെ മേജര്‍ ജനറല്‍ സുരേഷ് ഖജൂരിയയാണ് ഉള്ളത്.




Sharing is Caring