വ്യോമസേനാ ഫ്‌ളൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും


അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിക്ക് സമീപം ഫ്‌ലൈറ്റ് തകര്‍ന്ന് മരണപ്പെട്ട പതിമൂന്ന് വ്യോമാസേനാ ഉദ്യോഗസ്ഥരില്‍ അഞ്ചല്‍ ആലഞ്ചേരി കൊച്ചുകോണത്ത് വീട്ടില്‍ അനൂപ്കുമാറിന്റെ മൃതദേഹം ഇന്ന് ജന്മനാടായ ആലഞ്ചേരിയില്‍ എത്തിക്കും. ആസമിലെ ജോര്‍ഹടില്‍ നിന്നും വ്യോമാസേനാ ഫ്‌ലൈറ്റില്‍ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുര ശംഖുമുഖം വ്യോമാസേനാ എയര്‍പോര്‍ട്ടില്‍ എത്തിച്ചു.അനൂപിനൊപ്പം ഒരുമാസമുന്‍പ് ആസമില്‍ പോയി അവിടെ വ്യോമാസേനാ കോട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന ഭാര്യ വൃന്ദയും ആറ് മാസം പ്രായമായ മകള്‍ ദ്രോണയും, അപകടം അറിഞ്ഞ് അസമിലേക്കുപോയ അനുജന്‍ അനീഷ് എന്നിവര്‍ വ്യോമാസേനാ ഫ്‌ലൈറ്റില്‍ മൃതദേഹത്തിനൊപ്പം എത്തും. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അനൂപ് പ്രൈമറി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നടത്തിയ ഏരൂര്‍ ഗവര്‍മെന്റ് ഹൈസ്‌ക്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും .സ്‌ക്കൂള്‍ പിടി എ യും ഏരുര്‍ ഗ്രാമപഞ്ചായത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനും നാടിന്റെ പ്രണാമം അര്‍പ്പിക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് . പൊതുദര്‍ശനത്തിനുശേഷം ആലഞ്ചേരിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി അവിടെ വച്ചശേഷം സൈനിക ബഹുമതികളോടെ സംസ്‌ക്കരിക്കും.




Sharing is Caring