വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കളക്ടര്‍ എന്‍ പ്രശാന്ത്


വോട്ട് രേഖപ്പെടുത്താനുള്ള അവകാശം എല്ലാവരും ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് കോഴിക്കോട്ടെ കളക്ടര്‍ ബ്രോ. ഫെയ്‌സ്ബുക്കിലൂടെയാണ് കളക്ടര്‍ എന്‍ പ്രശാന്ത് സമ്മതിദാന അവകാശെ വിനിയോഗിക്കാന്‍ ഏവരെയും ആഹ്വാനം ചെയ്യുന്നത്.


ഓ..എന്റെ ഒരു വോട്ടല്ലേ..അതിപ്പോ എന്ത് വ്യത്യാസം വരുത്താന്‍ എന്ന് ചിന്തിക്കുന്നവരുണ്ട്. ഒരു മഴത്തുള്ളി നിസ്സാരനാണെങ്കിലും ഭൂമിയെ വിറപ്പിച്ച് പേമാരി പെയ്തിറങ്ങുന്നത് ഒട്ടനവധി മഴത്തുള്ളികള്‍ ഒരുമിക്കുമ്പോഴാണ്. വോട്ടും അങ്ങനെ തന്നെയെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.


ഇന്ന് സ്ഥാനാര്‍ത്ഥികളില്‍ കുറേപ്പേരെങ്കിലും നമുക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാഗ്രഹിക്കുന്നവരോ, ചെയ്യുന്നവരോ ആണ്.അതിനു കാരണം നമ്മുടെ കയ്യിലുള്ള വോട്ട് എന്ന ആയുധത്തെ അവര്‍ ഭയക്കുന്നത് കൊണ്ടാണ്. ആ ആയുധവും വലിച്ചെറിഞ്ഞാല്‍ പിന്നെ നമുക്ക് എന്തുണ്ട് വില? പോളിംഗ് ബൂത്തില്‍ പോകാത്ത ഒരു വിഭാഗത്തിനായി സ്ഥാനാര്‍ത്ഥികള്‍ എന്തിന് വിയര്‍പ്പൊഴുക്കണം? ജനാധിപത്യവ്യവസ്ഥയില്‍ അവര്‍ക്ക് മൂല്യമില്ല എന്ന സത്യം നമ്മള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.

പല രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം ജനാധിപത്യം നമുക്ക് നല്‍കുന്നുണ്ട്. ജാഥകള്‍, മുദ്രാവാക്യങ്ങള്‍, പണിമുടക്കുകള്‍, അങ്ങനെ പലതും. ഇക്കാലത്ത് വാട്‌സാപ്പിലെ ട്രോളുകളുകളും ഒരു പ്രധിഷേധ മാര്‍ഗ്ഗം തന്നെ. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ, വോട്ടെടുപ്പിലൂടെ, അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരത്തിന് പുറമേയാണിതോരോന്നും. ഇതോരോന്നും നിലനില്‍ക്കുന്നത് വോട്ടെടുപ്പ് നിലനില്‍ക്കുന്നത് കൊണ്ട് മാത്രവുമാണ്. സ്വീകരിക്കാനോ, നിരാകരിക്കാനോ ഉള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. നിങ്ങള്‍ക്ക് യോജിപ്പുള്ള സ്ഥാനാര്‍ത്ഥി ആരുമില്ലെങ്കില്‍ അക്കാര്യം നോട്ട ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും പറ്റും. അത് ഏറെ ശക്തമായ അറിയിപ്പുമായിരിക്കും. ജനാധിപത്യത്തില്‍ നിലപാടുകള്‍ അറിയിക്കേണ്ടത് വോട്ട് ചെയ്താണ്. വോട്ട് ചെയ്യാത്തവര്‍ ഒന്നും പറയുന്നില്ല. വോട്ടിംഗ് ശതമാനത്തിലെ ഇടിവിലെ വെറും ഒരു അക്കം മാത്രമായി അവര്‍ മാറുന്നുവെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ ആവേശം തോന്നുമെങ്കിലും മുറിക്കാതിരിക്കുന്നതാണ് ബുദ്ധി എന്ന് ഉപദേശിച്ച് കുറിപ്പ് അവസാനിപ്പിക്കുന്നു.



Sharing is Caring