എല്‍ഡിഎഫിന് അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ അതിന്റെ മാറ്റ് കുറയ്ക്കാനും ജനങ്ങളില്‍ തെറ്റിധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങള്‍ യുഡിഎഫും ബിജെപിയും നടത്തുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്താകെ വന്‍തോതില്‍ പണവും മദ്യവും ഒഴുക്കുന്നതിനു പുറമേ വ്യാജ നോട്ടീസുകള്‍ പ്രചരിപ്പിക്കുന്നു. വടകരയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകം അതിന്റെ മറ്റൊരു പതിപ്പാണ്. വോട്ടു ചോദിക്കാന്‍ ചെന്ന് വീട്ടുകാരോട് മോശമായി പ്രതികരിച്ചു മടങ്ങിയ സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെട്ടു എന്ന് കള്ളക്കഥ പരത്താന്‍ സംസ്ഥാന മുഖ്യമന്ത്രി തന്നെ തയാറായി. അപഹാസ്യമായ ഇത്തരം രീതികളില്‍നിന്ന് യുഡിഎഫിന്റെ പരാജയ ഭീതി എത്രയാണ് എന്ന് മനസ്സിലാക്കാം.

ഇത്തരം നീക്കങ്ങള്‍ അവസാന നിമിഷം വരെ പ്രതീക്ഷിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരും അനുഭാവികളും അതീവ ജാഗ്രത പാലിക്കണം. ഒരു നിമിഷം പോലും പാഴാക്കാതെ, അനുകൂലമായ മുഴുവന്‍ വോട്ടുകളും ഒരു തടസ്സവുമില്ലാതെ ബൂത്തില്‍ എത്തും എന്ന് ഉറപ്പാക്കണം.
യുഡിഎഫ്–എന്‍ഡിഎ നീക്കുപോക്ക് നേരത്തെ നിലവിലുണ്ട്. അവസാന നിമിഷം ചില മണ്ഡലങ്ങള്‍ തെരഞ്ഞെടുത്ത് കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുമുണ്ട്. അത്തരം നീക്കങ്ങള്‍ മറികടക്കുന്നതും എല്‍ഡിഎഫിന് വലിയ മുന്‍തൂക്കം ഉള്ളതുമാണ് കേരളത്തിന്റെ ജനവികാരം. അത് പൂര്‍ണ്ണതോതില്‍ പ്രതിഫലിപ്പിക്കാന്‍ നമ്മുടെയാകെ പങ്കാളിത്തം അനിവാര്യമാണ്. അതിനായി ജാഗരൂകരായി, കര്‍മ്മനിരതരായി രംഗത്തിറങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.












