വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി എ സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഞ്ജലി പി വി എന്ന ഔദ്യോഗിക പേരിന് പകരം അഞ്ജലി നായർ എന്നാക്കണമെന്നാണ് ആവശ്യം. നേരത്തെ ഹൈക്കോടതി ഇക്കാര്യം പരിഗണിക്കണമെന്ന് വരണാധികാരിയോട് നിർദേശിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് അഞ്ജലി വീണ്ടും കോടതിയെ സമീപിക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് അവസാനം കുറിച്ചുള്ള കലാശക്കൊട്ട് നാളെയാണ്. അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികൾ.
ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചാരണത്തിന് ലഭിച്ചുള്ളൂവെങ്കിലും റോഡ് ഷോകളും കൺവെൻഷനുകളും പര്യടനങ്ങളും അടക്കം വിവിധതരം പ്രചാരണങ്ങൾ മുന്നണികൾ പൂർത്തിയാക്കി. ഡീൽ വിവാദങ്ങളിൽ ആരംഭിച്ച പ്രചാരണങ്ങൾ പിന്നീട് സംവാദ വെല്ലുവിളികലൂടെ കടന്ന് കോൺഗ്രസ് പിരിച്ച വയനാട് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിലൂടെ കണ്ണൂരിലെ വ്യാജ ആധാർ കാർഡുകളുടെ നിർമ്മാണ ആരോപണത്തിൽ എത്തി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യതയിലാണ്. ശേഷിക്കുന്ന മണിക്കൂറുകളും, ഒപ്പം കലാശക്കൊട്ടിന്റെ അവസാന നിമിഷങ്ങൾ വരെ സ്ഥാനാർഥികൾ കാടിളക്കിയുള്ള പ്രചാരണങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഉറപ്പാണ്.













