ഒളിംപിക് സ്വര്‍ണ മെഡല്‍ ജേത്രി ജമൈക്കയുടെ എലേന തോംസനെ പിന്തള്ളി അമേരിക്കയുടെ ടോറി ബൊവി വേഗ റാണി. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ വനിതകളുടെ 100 മീറ്ററിലാണ് ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേത്രി കൂടിയായ അമേരിക്കയുടെ ബൊവി സ്വര്‍ണം സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷില്‍ ഐവറി കോസ്റ്റിന്റെ മരി ജോസീ താലുവിനെ തലനാരിഴയ്ക്ക് പിന്തള്ളിയാണ് ബൊവി സുവര്‍ണ നേട്ടത്തിലെത്തിയത്. 10.85 സെക്കന്‍ഡില്‍ അമേരിക്കന്‍ താരം ഫിനിഷ് ചെയ്തപ്പോള്‍ തലു 10.86 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. ഹോളണ്ട് താരം ഡഫ്‌നെ ഷിപ്പേഴ്‌സിനാണ് വെങ്കലം. താരം 10.96 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. നിലവിലെ ഒളിംപിക് ജേത്രി എലേന തോംസന്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. തുടക്കം മുതല്‍ മുന്നില്‍ കുതിച്ച തലുവിനെ അവസാന നിമിഷത്തെ കുതിപ്പിലാണ് ബൊവി മറികടന്നത്. മത്സരം പൂര്‍ത്തിയാക്കി താരം അടിതെറ്റി ട്രാക്കില്‍ വീഴുകയും ചെയ്തു.













