വൃദ്ധിമാൻ സാഹയ്ക്ക് വീണ്ടും കൊവിഡ് ബാധ

സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് കൊവിഡ്. ഇത് രണ്ടാം തവണയാണ് സാഹയ്ക്ക് കൊവിഡ് പോസിറ്റീവാകുന്നത്. രണ്ടാഴ്ചത്തെ ഐസൊലേഷൻ അവസാനിക്കാനിരിക്കെയാണ് താരത്തിനു വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. സാഹയ്ക്ക് രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ഉണ്ടായിരുന്ന ശരീരവേദനയും ചുമയും പനിയുമൊക്കെ കുറഞ്ഞു. വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ സാഹ ഐസൊലേഷനിൽ തന്നെ തുടരും.

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്കും രണ്ടാം തവണ വീണ്ടും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഹസിക്ക് കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഹസി ചെന്നൈയിലെ ഹോട്ടലിൽ ഐസൊലേഷനിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹസിക്ക് ആദ്യം കൊവിഡ് പോസിറ്റീവായത്. ഡൽഹിയിലായിരുന്ന അദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈയിലെത്തിക്കുകയായിരുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *