വിഷം കലര്‍ന്ന മത്സ്യം കടത്ത്:കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഭക്ഷ്യ വസ്തുക്കളില്‍ വിഷം കയറ്റി അയക്കുന്നത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ നടക്കാതിരിക്കാന്‍പോന്ന നടപടികളായിരിക്കും വിഷയത്തില്‍ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഷം കലര്‍ത്തിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നു എന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം സാഗര്‍ റാണി എന്ന മിഷന്‍ തുടങ്ങിയത്. ഘട്ടം ഘട്ടമായിട്ടായിരുന്നു അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ അന്വേഷണത്തിലാണ് ഫോര്‍മാലിന്‍ അടക്കമുള്ള വിഷ വസ്തുക്കള്‍ അടങ്ങിയ മത്സ്യം കേരളത്തിലേക്ക് വരുന്നുണ്ട് എന്ന സത്യം മനസിലാക്കാന്‍ സാധിച്ചിരിക്കുന്നത്. സാഗര്‍ റാണിയുടെ പ്രവര്‍ത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

ഏറെ സങ്കീര്‍ണമായ ഒരു വിഷയമാണ് ഇത്. ആരോഗ്യവകുപ്പിന്റെ കീഴില്‍ മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ല. അതുകൊണ്ടുതന്നെ എടുപിടി എന്ന തരത്തില്‍ നടപടികള്‍ എടുക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുന്നോട്ടുള്ള നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിന്റേതടക്കമുള്ള സഹായങ്ങള്‍ വേണ്ടിവരും. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കണം എന്ന നിര്‍ദേശമാണ് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്നും മന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *