വിശ്വാസ വഞ്ചന; പ്രധാന പ്രതി പൊലിസ് പിടിയില്‍

കാഞ്ഞങ്ങാട്; സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ ശേഷം പണം വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്ന കേസില്‍ പ്രധാന പ്രതി പൊലിസ് പിടിയിലായി. തളിപ്പറമ്പ് പട്ടുവം സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ ഉറുമി മുസ്തഫ (57) യെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പൊലിസ് പിടികൂടിയത്.

തളിപ്പറമ്പിലെ കള്ളനോട്ട് കേസ്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ തട്ടിപ്പു കേസുകള്‍,സി.ബി.ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസുള്‍പ്പെടെ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലിസ് പറയുന്നു.

മലപ്പുറം നാലകത്ത് ഫാസിലില്‍നിന്നു സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞു 28 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള ഇപ്പോഴത്തെ കേസ്.

ബംഗളൂരുവിലെ ഒരു സ്വര്‍ണ്ണ കച്ചവടക്കാരനില്‍നിന്നു സ്വര്‍ണ്ണം വാങ്ങി തരാമെന്നു പറഞ്ഞാണ് മുസ്തഫയും സംഘവും ഫാസിലില്‍നിന്നു ഈ മാസം ഒന്നിന് കാഞ്ഞങ്ങാട് വച്ച് ഇവര്‍ കൈപ്പറ്റിയത്. നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ചാണ് മുസ്തഫ, ആലുവ സ്വദേശി ആന്റണി പോള്‍,അരീക്കോട്ടെ ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് പണം വാങ്ങിയത്.

തുടര്‍ന്ന് ഫാസിലിനെയും കൊണ്ട് സംഘം അജ്ഞാത കേന്ദ്രത്തില്‍ പോവുകയും അവിടെ വച്ച് സംഘം മുങ്ങിയെന്നുമാണ്‌ ഫാസിലിന്റെ പരാതി. മുസ്തഫയെ പൊലിസ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.സംഘത്തിലെ മറ്റു രണ്ടുപേരെ പൊലിസ് അന്വേഷിച്ചു വരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *