വിവാഹ തലേന്ന് വരന്‍ പീഡന കേസില്‍ അറസ്റ്റില്‍; വ്യാഴാഴ്ച നടക്കാനിരുന്ന വിവാഹം മുടങ്ങി


പാനൂര്‍: വിവാഹ തലേന്ന് പീഡന കേസില്‍ വരന്‍ അറസ്റ്റിലായതോടെ വിവാഹം മുടങ്ങി. കണ്ണൂര്‍ പാനൂരിലാണ് സംഭവം നടന്നത്. പ്ലസ്ടുക്കാരിയായ 17 കാരെയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. പതിനേഴ്കാരിയെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് വരനെ അറസ്റ്റുചെയ്തിരിക്കുന്നത്.


പ്രദേശവാസിയായ യുവതിയുമായി യുവാവിന്റെ വിവാഹം ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വിവാഹം വ്യാഴാഴ്ച നടക്കേണ്ടതായിരുന്നു. വരന്‍ അകത്തായതോടെ വിവാഹം മുടങ്ങി.


പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് യുവാവിനെതിരെ കൊളവല്ലൂര്‍ പൊലീസിന് പരാതി ലഭിച്ചത്. അന്വേഷണത്തില്‍ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ ഇന്നലെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വരന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.



Sharing is Caring