വിവാദ ഐ ഫോണുകള്‍ വിജിലന്‍സ് പിടിച്ചെടുക്കും

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി നിര്‍മാണത്തിന് കമ്മീഷനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. ഐ ഫോണ്‍ ലഭിച്ച എല്ലാവര്‍ക്കും വിജിലന്‍സ് നോട്ടീസ് നല്‍കും. കാട്ടാക്കട സ്വദേശിയായ പരസ്യ കമ്പനി ഉടമ പ്രവീണിന് ലഭിച്ച ഐ ഫോൺ വിജിലൻസ് പിടിച്ചെടുത്തിരുന്നു.

യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അതിഥികള്‍ക്ക് സമ്മാനിക്കുന്നതിനായി സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരമാണ് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഫോണുകള്‍ വാങ്ങിച്ചു നല്‍കിയത്. ഫോണ്‍ ആര്‍ക്കൊക്കെ ലഭിച്ചുവെന്നത് വ്യക്തമാവാത്തത് വിവാദത്തിനും രാഷ്ട്രീയ ആരോപണത്തിനും ഇടയാക്കിയിരുന്നു. ഇതിലെ ദുരൂഹത ഇ.ഡിയുടെ അന്വേഷണത്തിലൂടെ ഇല്ലാതായി. ഫോണ്‍ ലഭിച്ച 5 പേരുടെ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ തന്നെ ഇ.ഡിക്ക് കൈമാറി. പരസ്യ കമ്പനി ഉടമ പ്രവീണ്‍, എയര്‍ ഇന്ത്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, എം ശിവശങ്കര്‍, സന്തോഷ് ഈപ്പന്‍, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരാണ് ഫോണ്‍ ലഭിച്ചവരുടെ പട്ടികയിലുളള 5 പേര്‍ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി 2 പേർ. എന്നാല്‍ ഇവരുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ഇ.ഡിക്ക് ലഭിച്ചിട്ടില്ല.

കോൺസുൽ ജനറലിന് ആദ്യം നൽകിയ ഫോൺ തിരികെ നൽകി. പകരം തിരുവനന്തപുരത്ത് നിന്ന് പുതിയത് വാങ്ങി നൽകി. മടക്കി നൽകിയ ഫോൺ ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പൻ തന്നെയാണെന്നും ഈ ഫോണിന്‍റെ വിലയാണ് 1.19 ലക്ഷമെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *