വിവരാവകാശ പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു; രാഷ്ട്രീയ നേതാവും മകനും അറസ്റ്റില്‍


മുംബൈ സാന്തക്രൂസില്‍ വിവരകാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര (72) വെടിയേറ്റു മരിച്ചു. സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റിലായി. തന്‍റെ കോളനിയില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ വലിയ പ്രതിഷേധം വീര ഉയര്‍ത്തിയിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍േക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
ശനിയാഴ്ച രാത്രി സാന്ത ക്രൂസിലെ കലീനയിലെ വസതിയില്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കേയാണ് വീരയ്ക്ക് വെടിയേറ്റത്. ഈ സമയം ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുറന്നുകിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്തുകടന്ന അക്രമികള്‍ വീരയുടെ കഴുത്തിലും തലയിലും വെടിയുതിര്‍ക്കുകയായിരുന്നു.


അടുത്ത മുറിയിലുണ്ടായിരുന്ന ഭാര്യ പോലും ഇക്കാര്യം അറിഞ്ഞില്ല. തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിരുന്നതിനാല്‍ വെടിശബ്ദം പുറത്തുകേള്‍ക്കാതിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
വീട്ടുകാരുടെ പരാതിയടെ അടിസ്ഥാനത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് റസ്സാഖ് ഖാനെയും മകന്‍ അംജദിനെയും അറസ്റ്റു ചെയ്തു. ഇന്നു രാവിലെയാണ് ഇവര്‍ അറസ്റ്റിലായത്.




Sharing is Caring