വിന്‍സെന്റ് രാജിവയ്ക്കണം: നിലപാടില്‍ ഉറച്ച്‌ മഹിളാ കോണ്‍ഗ്രസ്

പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരായ നിലപാടില്‍ ഉറച്ച്‌ മഹിളാ കോണ്‍ഗ്രസ്. ചൊവ്വാഴ്ച രാവിലെ ചേരുന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ വിന്‍സെന്റ് വിഷയം ഉന്നയിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് വ്യക്തമാക്കി.

എം.വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ട വനിതാ നേതാക്കളെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല. വിഷയം ഹൈക്കമാന്റിനെ അറിയിക്കാനും മഹിളാ കോണ്‍ഗ്രസ് തീരുമാനിച്ചു. വനിതാ നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. പീഡന ആരോപണം ശക്തമായി ഉയര്‍ന്നപ്പോള്‍ തന്നെ വിന്‍സെന്റ് രാജി വയ്ക്കണമെന്നും, രാഷ്ട്രീയ നേതാക്കള്‍ മൂല്യം ഉയര്‍ത്തിപ്പിടിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയായ ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വിന്‍സെന്റിനെതിരെ പാര്‍ട്ടിതലത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുമ്ബോഴും രാഷ്ട്രീയ ഗൂഢാലോചനാവാദം സി.പി.എം നേതൃത്വത്തിനെതിരെ ശക്തിയായി ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസ് തീരുമാനം. സി.പി.എമ്മിന്റെ നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആന്‍സലന്‍ അടക്കമുള്ളവരുടെ ഗൂഢാലോചനയാണ് ധൃതിപിടിച്ചുള്ള അറസ്റ്റ് അടക്കമുള്ള സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *