വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്ക് സബ്‌സിഡിയായി നല്‍കേണ്ട 534 കോടി രൂപ എസ്ബിഐ പൂഴ്ത്തിയെന്ന് കണക്കുകള്‍


വിദ്യാഭ്യാസ വായ്പകളുടെ പലിശക്ക് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കിയ തുകയില്‍ 534 കോടി രൂപ എസ്ബിഐ പൂഴ്ത്തി. 2009 മുതല്‍ 2016 വരെയുളള വര്‍ഷങ്ങളിലാണ് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റാതെ എസ്ബിഐ സ്വന്തമാക്കിയതെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സാമ്പത്തികമായി താഴ്ന്ന നിലവാരത്തിലുളള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് നല്‍കുന്നതാണ് ഈ സബ്‌സിഡി.


കേന്ദ്രത്തിന്റെ വിദ്യാഭ്യാസ വായ്പ പലിശ സബ്‌സിഡി പദ്ധതി പ്രകാരം കുടുംബ വരുമാനം 4.5 ലക്ഷത്തില്‍ താഴെയുളള വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലത്ത് പലിശ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് അപേക്ഷ നല്‍കിയാല്‍ അവര്‍ക്ക് പലിശ സബ്‌സിഡി തുക ലഭിക്കും. ഇതിന്റെ നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുന്നത് കനറ ബാങ്കാണ്.എസ്ബിഐയുടെ അപേക്ഷ പ്രകാരം ഈ ഇനത്തില്‍ 2009 മുതല്‍ 2016 വരെയുളള ഏഴുവര്‍ഷത്തേക്ക് 2,333 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ എസ്ബിഐക്ക് നല്‍കിയിട്ടുണ്ട്.


അതില്‍ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് നല്‍കിയത് 1,799 കോടി രൂപ മാത്രമാണ്. ബാക്കി തുക ഇപ്പോഴും ബാങ്ക് കൈകാര്യം ചെയ്യുകയാണ്. 2009-10ല്‍ എസ്ബിഐ കേന്ദ്രസര്‍ക്കാരില്‍ നിന്നും 86.92 കോടി രൂപയാണ് സബ്‌സിഡിയായി കൈപ്പറ്റിയത്. വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറിയതാകട്ടെ വെറും 7.95 കോടിയും. വിവരാവകാശ പ്രകാരം ഒരു മാധ്യമ സ്ഥാപനം ശേഖരിച്ച കണക്കുകള്‍ പ്രകാരം 2010-11ല്‍ 20.06 കോടി,2011-12ല്‍ 54.54 കോടി,2012-13ല്‍ 51.74 കോടി,2013-14ല്‍ 101.94 കോടി, 2014-15ല്‍ 17.12 കോടി എന്ന തോതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനുളളതായാണ് കാണുന്നത്. 2015-16ല്‍ മാത്രം 280.94 കോടി രൂപ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടില്ല.



Sharing is Caring