സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറിയായി വിജയന്‍ ചെറുകരയെ വീണ്ടും തിരഞ്ഞെടുത്തു. മാനന്തവാടിയില്‍ സമാപിച്ച ജില്ലാ സമ്മേളനത്തിലാണ് ഇദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് വിജയന്‍ ചെറുകര സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മേപ്പാടിയില്‍ കഴിഞ്ഞ തവണ ചേര്‍ന്ന സമ്മേളനത്തിലാണ് ആദ്യമായി ഇദ്ദേഹം സി.പി.ഐ യുടെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2010 ജൂണ്‍ മുതല്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുന്നുണ്ട്.
കോളേജ് വിദ്യാഭ്യാസ കാലത്ത് ജനകീയ സാംസ്കാരിക വേദി പ്രവര്‍ത്തകനായി പൊതുരംഗത്ത് എത്തിയ വിജയന്‍ ചെറുകരയുടെ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം സി.പി. ഐ. കാവുംമന്ദം അനുഭാവി ഗ്രൂപ്പിലൂടെയായിരുന്നു. തുടര്‍ന്ന് സി.പി.ഐ തരിയോട് ലോക്കല്‍ സെക്രട്ടറി, കല്പറ്റ മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളം തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും പത്ത് വര്‍ഷം കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കവിയും നാടക രചയിതാവും കൂടിയായ വിജയന്‍ ചെറുകര യുവകലാസാഹിതി ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.













