വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതെന്ന് നാസ; ചിത്രങ്ങള്‍ പുറത്തു വിട്ടു


വാഷിംഗ്ടണ്‍: ചാന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് നാസ. പ്രതീക്ഷിച്ചിരുന്ന സോഫ്റ്റ് ലാന്‍ഡിങ് അല്ല സംഭവിച്ചതെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ നാസ പുറത്തു വിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച്‌ എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്.


ചന്ദ്രന്റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍2 വിക്ഷേപിച്ചത്. എന്നാല്‍, വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. സപ്തംബര്‍ ഏഴിനായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് തീരുമാനിച്ചിരുന്നത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്ബ് വിക്രം ലാന്‍ഡറിന്റെ ഐ.എസ.ആര്‍.ഒയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുന്നതിനു മുന്‍പ് വിക്രം ലാന്‍ഡര്‍ നിയന്ത്രണം വിട്ടത് ഏതാണ്ട് 500 മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നാണെന്നാണു നിഗമനം. നിശ്ചയിച്ച ലാന്‍ഡിങ് പോയിന്റില്‍ നിന്ന് 750 മീറ്ററോളം അകലെയാണു വിക്രം പതിച്ചതെന്നാണ് സൂചന.


ഒക്ടോബര്‍ 14ന് ലാന്‍ഡ് ചെയ്ത പ്രദേശത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അപ്പോള്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്‌ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.



Sharing is Caring