വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് തോല്‍വി


വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. സൗരാഷ്ട്ര മൂന്ന് വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 34 ഓവറില്‍ 186 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര 33.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.


കേരളത്തിനായി വിഷ്ണു വിനോദും (41) വിനോദ് മനോഹരനും (47) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 88 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.എന്നാല്‍ പിന്നാലെ എത്തിയവര്‍ക്ക് താളം കണ്ടെത്താനായില്ല .ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ (5) നിരാശപ്പെടുത്തി.സഞ്ജു സാംസണ്‍ (16),സച്ചിന്‍ ബേബി (26),മൊഹമ്മദ് അസറുദ്ദീന്‍ (8)എന്നിവര്‍ക്കൊന്നും പ്രതീക്ഷ കാക്കാനായില്ല.സിജോമോന്‍ ജോസഫ് (22) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സൗരാഷ്ട്രയ്ക്ക് വേണ്ടി ചിരഗ് ജാനി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജയദേവ് ഉനദ്ഘട്ട്,കമലേഷ് മക്വാന എന്നിവര്‍ രണ്ട് വിക്കറ്റുവീതം നേടി.


സൗരാഷ്ട്രയ്ക്ക് വേണ്ടി അര്‍പിത് വാസവാഡ (92), പ്രേരക് മന്‍കാഡ് (30),ഹര്‍വിക് ദേശായി (31) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. കേരളത്തിനുവേണ്ടി സന്ദീപ് വാര്യര്‍,ബേസില്‍ തമ്ബി,കെ എം ആസിഫ് എന്നിവര്‍ രണ്ട് വിക്കറ്റും സിജോമോന്‍ ജോസഫ് ഒരു വിക്കറ്റും വീഴ്ത്തി.



Sharing is Caring