വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പരിസ്ഥിതി പ്രശ്‌നങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ലോക പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലിക വാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്നും വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം;
പരിസ്ഥിതിവിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനങ്ങള്‍ ആവശ്യമുണ്ട്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് ഇക്കാര്യത്തില്‍ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്. അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച് വിവേകപൂര്‍വം ഇടപെടുമ്പോഴാണ് ശാശ്വതമായ പരിഹാരം കണ്ടെത്താനാവുക.
മാലിന്യസംസ്‌കരണം, വിഭവശോഷണം, ഊര്‍ജ ദുരുപയോഗം, അനധികൃത പ്രകൃതിചൂഷണം, ജലത്തിന്റെ അശാസ്ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിലൂടെയായാലും പരിഹരിക്കണം. കാലാനുസൃതമാറ്റങ്ങള്‍ ഇവിടെ ആവശ്യമാണ്.
പരിസ്ഥിതിവിഷയങ്ങളില്‍ നിയമം കര്‍ശനമാക്കണം. അതിനൊപ്പംതന്നെ പരിസ്ഥിതി പ്രശ്‌നത്തിന്റെ ദുരുപയോഗം തടയുകയും വേണം. അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതിമൌലികവാദനിലപാടുകളില്‍ നിയന്ത്രണംവേണം. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ലക്ഷ്യം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശമാണ്. ഈ തിരിച്ചറിവിലൂടെ മുന്നേറുന്നതിനാകട്ടെ നമ്മുടെ ശ്രദ്ധ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *