വാഹന വില്‍പ്പന 16 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍


കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കാലിടറി രാജ്യത്തെ മോട്ടോര്‍വാഹന വിപണി. 16 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് പോയ ഡിസംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത്.


18.66 ശതമാനമാണ് വില്‍പ്പന കുറഞ്ഞത്. സ്കൂട്ടറുകളുടെയും മോട്ടോര്‍ സൈക്കിളിന്റെയും വില്‍പ്പനയാണ് ഏറ്റവുമധികം കുറഞ്ഞതെന്ന് വാഹന നിര്‍ത്താതാക്കളുടെ സംഘടനയായ സിയാം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എല്ലാ വിഭാഗങ്ങളിലുമായി 2015 ഡിസംബറില്‍ 15,02,314 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു. എന്നാല്‍ 12,21,929 വാഹനങ്ങള്‍ മാത്രമാണ് 2016 ഡിസംബറില്‍ വിറ്റഴിക്കാന്‍ കഴിഞ്ഞത്.


2000 ത്തിനുശേഷം വാഹന വില്‍പ്പനയിലുണ്ടാകുന്ന ഏറ്റവും വലിയ കുറവാണിത്.
നോട്ട് അസാധുവാക്കല്‍ നടപടിയാണ് വില്‍പ്പന ഇടിച്ചതെന്ന് സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാഥൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലഘു വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ മാത്രമാണ് നേരിയ വര്‍ധനയുണ്ടായത്. വില്‍പ്പന 1.15 ശതമാനം വര്‍ധിച്ചു. മാന്ദ്യ താത്കാലികമാണെന്നും കേന്ദ്ര ബജറ്റോടെ വില്‍പ്പന വര്‍ധിക്കുമെന്നുമാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.



Sharing is Caring