വാഹനങ്ങളിലെ മലിനീകരണ, സുരക്ഷാ മാനദണ്ഡം: വേണ്ടത് ലക്ഷം കോടി മുതല്‍മുടക്ക്

മലിനീകരണ, സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ, ഇതു പാലിക്കാന്‍ വാഹനമേഖലയില്‍ വേണ്ടത് ലക്ഷം കോടി രൂപയുടെ നിക്ഷേപം. വാഹനങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷയും മറ്റുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ഇന്ധനക്ഷമതയിലും കര്‍ശനമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തും.

മലിനീകരണം പരമാവധി കുറച്ച്‌ പ്രകൃതി സൗഹൃദമാകാനുള്ള നീക്കങ്ങള്‍ക്കനുസരിച്ച്‌ ഘടകങ്ങളുടെ നിലവാരമുയര്‍ത്താനാണ് ഇത്ര വലിയ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം വ്യക്തമാക്കുന്നു.

ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ എല്ലാ പുതിയ വാഹനങ്ങളും ക്രാഷ് ടെസ്റ്റ് (ഇടി പരിശോധന) മാനദണ്ഡങ്ങള്‍ പാലിക്കണം. ഇത് 2019 മുതല്‍ എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കാനാണ് നീക്കം. അതുപോലെ 2018 ഓടെ എല്ലാ പുതിയ വാഹനങ്ങളും കാല്‍നടക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കണം. ഇതിനായുള്ള സംവിധാനം വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. 2020 മുതല്‍ എല്ലാ വാഹനങ്ങള്‍ക്കും ഇത് നിര്‍ബന്ധമാകും.

ഏറ്റവും പ്രധാന മാറ്റം മാലിന്യം പുറന്തള്ളലില്‍ ഭാരത് സ്റ്റേജ് ആറ് നിര്‍ബന്ധമാക്കുന്നതാണ്. 2020 ഏപ്രില്‍ മുതലാണിത് പ്രാബല്യത്തില്‍ വരിക. ഇന്ധനക്ഷമതയുടെ ആദ്യഘട്ടം ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടം 2020 ഏപ്രിലില്‍ നടപ്പിലാകും.

പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ വാഹനങ്ങളുടെ നിലവാരം ഉയര്‍ത്തുമ്ബോള്‍ ലക്ഷംകോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്ന് സിയാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.കെ. ഗാന്ധി പറഞ്ഞു. നിലവില്‍ ഭാരത് സ്റ്റേജ് നാലിനായി വലിയ നിക്ഷേപം നടത്തിവരികയാണ്. എന്നാല്‍ അത് ഭാരത് സ്റ്റേജ് ആറായി ഉയര്‍ത്താനാകാത്തതിനാല്‍ വലിയ ബാധ്യതയാണ് വരിക. മാത്രമല്ല പുതിയ സാങ്കേതിക വിദ്യാ സഹായം നല്‍കാന്‍ ആവശ്യത്തിന് കമ്ബനികളില്ലെന്നും ഗാന്ധി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *