വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിലവില്‍ സാഹചര്യമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.

പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ട്. ഈ വിധി റദ്ദാക്കിയാലെ ഒരു പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അത് കൊണ്ട് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേ സമയം കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമല്ലോയെന്നും കോടതി ചോദിച്ചു. ഇതിന് നിയമസാധുതയുണ്ടെന്നും കോടതി പറഞ്ഞു. അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരത്തിലൊരു ഹര്‍ജി ഇപ്പോള്‍ നല്‍കുന്നതിന്റെ സാഹചര്യമെന്താണെന്നും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണോ ഹര്‍ജിയെന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കേസിന്റെ വിചാരണ വേളയില്‍ താങ്കള്‍ എവിടെയായിരുന്നുവെന്നും കോടതി ആരാഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *