വാക്സിന്‍ ക്ഷാമം; മുംബൈയിൽ മൂന്നു ദിവസത്തേക്ക് വാക്സിനേഷൻ നിർത്തിവെച്ചു

പഞ്ചാബ്, ഡൽഹി, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിൻ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്ത്. രാജ്യത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. കുതിച്ചുയരുന്ന കോവിഡ് കേസുകളും അവയെ നേരിടാനുള്ള അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ തകര്‍ച്ചയും വന്‍ തിരിച്ചടിയാണ് രാജ്യത്തിനു നല്‍കിയത്. ഇതോടൊപ്പം കോവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ ക്ഷാമവും തുടരുന്നു. മുംബൈയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ മൂന്നു ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. പല സംസ്ഥാനങ്ങൾക്കും ആവശ്യത്തിനുള്ള വാക്സിൻ ലഭ്യമായിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വെള്ളിയാഴ്ച മുതൽ വാക്സിനേഷൻ മൂന്നു ദിവസത്തേക്ക് നിർത്തുകയാണെന്നാണ് മുംബൈ കോർപ്പറേഷൻ അധികൃതർ അറിയിച്ചത്. 45 വയസിന് മുകളിലുള്ളവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്സിനായി ആരും തിരക്ക് കൂട്ടേണ്ടതില്ലെന്നും ലഭ്യമായാൽ ഉടൻ നൽകുമെന്നും അധികൃതർ പറഞ്ഞു. ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ മാത്രമേ 45 വയസിൽ താഴെയുള്ളവരുടെ വാക്സിനേഷൻ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവെന്ന് ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ അശ്വിനി ഭിഡെ വ്യക്തമാക്കി. അതായത്, 18ന്‌ മേൽ പ്രായക്കാർക്കുള്ള വാക്‌സിനേഷനും വൈകിയേ തുടങ്ങൂ. മഹാരാഷ്ട്രയ്ക്ക് പുറമേ പഞ്ചാബ്, ഡൽഹി, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിൻ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്തുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *