വള്ളം തകര്‍ന്ന് കടലില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ നീന്തി കരയ്‌ക്കെത്തി

വടകര: മത്സ്യബന്ധന വള്ളം തകര്‍ന്ന് കടലില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ ഒരു മണിക്കൂറിലേറെ നീന്തി കരയ്‌ക്കെത്തി. ചോമ്പാല മത്സ്യബന്ധനതുറമുഖത്ത് നിന്ന് ഞായറാഴ്ച രാവിലെ മീന്‍ പിടിക്കാന്‍ പോയവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നീന്തലറിയാത്ത ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് മണ്ണെണ്ണ കന്നാസിനു മുകളില്‍ കിടത്തിയാണ് രക്ഷിച്ചത്. നാലുപേര്‍ കുരിയാടി കടപ്പുറത്തും രണ്ടുപേര്‍ പള്ളിത്താഴയിലുമാണ് എത്തിയത്.

അല്‍മുബാറക് എന്ന വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ മുട്ടുങ്ങല്‍ സ്വദേശികളായ വടക്കെത്തയ്യില്‍ ഹാരിസ് (41), പാറപ്പൊത്തില്‍ അബൂബക്കര്‍ (42), ഓടിച്ച തയ്യില്‍ മുസ്ഥഫ (45), വടക്കെ തയ്യില്‍ ഹൈദര്‍ (48), എലിക്കോരന്റവിട ജലീല്‍ (34), നാവത്ത് സുലൈമാന്‍ (51) എന്നിവരാണ് തോണിയിലുണ്ടായിരുന്നത്. രാവിലെ എട്ടുമണിക്കാണ് ഇവര്‍ കടലില്‍ പോയത്. കരയില്‍നിന്ന് ഏതാണ്ട് രണ്ടുകിലോമീറ്ററിലധികം ഉള്ളപ്പോഴാണ് കനത്തമഴയിലും കാറ്റിലും തോണിയില്‍ വെള്ളം കയറിയത്. ഇതോടെ തോണി മറിഞ്ഞു.

കുറേനേരം മറിഞ്ഞ തോണി പിടിച്ച് ഇവര്‍ നിന്നു. പിന്നീടാണ് കര ലക്ഷ്യമാക്കി നീന്തിയത്. ഉച്ചയോടെയാണ് ഇവര്‍ കരയ്‌ക്കെത്തിയത്. ഉടന്‍ തന്നെ നാട്ടുകാരും മറ്റും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. ഹാരിസ്, അബൂബക്കര്‍, മുസ്ഥഫ, സുലൈമാന്‍ എന്നിവരെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈബര്‍ വള്ളം പാടെ തകര്‍ന്നു. രണ്ട് എന്‍ജിനുകളും വലയും കടലിലായി. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *