വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിലെ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലേക്കും. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തീരുമാനിച്ചു. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യുക.

ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക്ക് സ്റ്റേഷനിലെ മറ്റു പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രത്യേക അന്വേഷണ സംഘ തലവന്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബ്ബിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്.

സ്റ്റേഷനില്‍ വച്ച്‌ ക്രൂരമായ മര്‍ദ്ദനത്തിന് ശ്രീജിത്ത് ഇരയായെന്ന് സഹോദരനും കൂട്ടുപ്രതികളും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്.

മകന്റെ മരണത്തില്‍ വരാപ്പുഴ എസ്‌ഐ ദീപക്ക് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്കിറങ്ങുമെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള നേരത്തെ വ്യക്തമാക്കിയിരുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കൂടാതെ ഇവരും കുറ്റവാളികളാണെന്നും അമ്മ ശ്യാമള വ്യക്തമാക്കി. ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്ന് അവസാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *