വനിതാ ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് ഇന്ന് സെമി

ലോകകപ്പ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് ഇന്ന് സെമിഫൈനല്‍. എതിരാളികള്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. സൂപ്പര്‍ എട്ടില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഓസീസ് വനിതകള്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ഇന്ത്യ നേടിയ 226 റണ്‍സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് കംഗാരു വനിതകള്‍ സ്വന്തമാക്കിയത്. ആ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യവും മിതാലി രാജിനും കൂട്ടര്‍ക്കുമുണ്ട്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്. അതേസമയം ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓസ്‌ട്രേലിയ അവസാന നാലിലെ പോരാട്ടത്തിന് അര്‍ഹത നേടിയത്. മികച്ച ബാറ്റിങ്, ബൗളിങ് നിരയാണ് ഇന്ത്യക്കുള്ളത്. ഇന്ന് ഒരു അട്ടിമറി വിജയമാണ് മിതാലിയും കൂട്ടരും ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ അതിനുള്ള സാധ്യത വിദൂരവുമല്ല. ഓപ്പണര്‍ പൂനം റാവത്ത്, നായിക മിതാലി രാജ്, സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരടങ്ങിയ ബാറ്റിങ്ങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. കഴിഞ്ഞ ഏഴ് കളികൡ നിന്ന് ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറികളുമടക്കം 356 റണ്‍സെടുത്ത മിതാലി രാജാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍.

ഓപ്പണര്‍ പൂനം റാവത്ത് ഒന്നു വീതം സെഞ്ചുറിയും അര്‍ദ്ധസെഞ്ചുറിയുമടക്കം 281 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും അര്‍ദ്ധസെഞ്ചുറിയുമടക്കം 226 റണ്‍സെടുത്ത സ്മൃത മന്ഥാന, രണ്ട് അര്‍ദ്ധസെഞ്ചുറികളുമടക്കം 177 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മ എന്നിവരാണ് ടീമിലെ മുഖ്യ റണ്‍വേട്ടക്കാര്‍. ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി എന്നിവരും മികച്ച ഇന്നിങ്ങ്‌സ് കാഴ്ചവെക്കാന്‍ കഴിയുന്നവരാണ്. ജൂലന്‍ ഗോസ്വാമി, ഏക്ത ബിഷ്ത്, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ്മ എന്നിവരാണ് ടീമിലെ ബൗളിങ് കരുത്തര്‍.

മറുവശത്ത് ഒാസ്‌ട്രേലിയയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ചതും അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. ഏഴ് കളികളില്‍ നിന്ന് അഞ്ച് അര്‍ദ്ധസെഞ്ചുറിയടക്കം 366 റണ്‍സ് നേടി രണ്ടാം സ്ഥാനത്തുള്ള എല്ലിസെ പെറിയാണ് അവരുടെ സൂപ്പര്‍താരം. കൂടാതെ ഓപ്പണര്‍മാരായ ബെത്ത് മൂണി, നിക്കോളെ ബോള്‍ട്ടണ്‍ എന്നിവരും മികച്ച ഫോമില്‍. ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറികളുമടക്കം 337 റണ്‍സ് നേടിയ ബോള്‍ട്ടണ്‍ റണ്‍വേട്ടക്കാരില്‍ ആറാമത്.

മെഗാന്‍ ഷുറ്റ്, ജെസ്സ് ജോനാസെന്‍, ക്രിസ്റ്റിയന്‍ ബീംസ്, റെയ്ച്ചല്‍ ഹെയ്ന്‍സ് എന്നിവരാണ് ബൗളിങ്ങിലെ പ്രധാനികള്‍. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം റെക്കോര്‍ഡാണ്. ഇതുവരെ കളിച്ച 42 മത്സരങ്ങളില്‍ 32ലും തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. ഇന്ന് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ഓസ്‌ട്രേലിയ ഒമ്പതാം തവണ ഫൈനല്‍ കളിക്കും. മറിച്ച് ഇന്ത്യ അട്ടിമറി വിജയം നേടിയാല്‍ രണ്ടാം ഫൈനലും കളിക്കും.

ഇംഗ്ലണ്ട് ഫൈനലില്‍
ബ്രിസ്‌റ്റോള്‍: ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. അവസാന ഓവര്‍ വരെ ആവേശം അലയടിച്ച കളിയില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിന് 218 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 221 റണ്‍സെടുത്ത് വിജയം കാണുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ലോറ വോള്‍വാര്‍ഡ്തിന്റെയും (66) മിഗ്‌നോണ്‍ ഡു പ്രെസിന്റെയും (പുറത്താകാതെ 76) അര്‍ദ്ധസെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ 218 റണ്‍സിലെത്തിച്ചത്. ഇംഗ്ലണ്ടിനായി നായിക സാറാ ടെയ്‌ലര്‍ (54) ഹീഥര്‍—നൈറ്റ് (30), ഫ്രാന്‍ വില്‍സണ്‍ (30) എന്നിവരുടെ ബാറ്റിങാണ് വിജയത്തിലെത്തിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *