വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം


തിരുവനന്തപുരം: യുഡിഎഫ് കേന്ദ്രങ്ങളെ അമ്ബരപ്പിച്ച്‌ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ബഹുദൂരം മുന്നിലെത്തി. കോന്നിയിലെ വോട്ടുചോര്‍ച്ചയാണ് കോണ്‍ഗ്രസിനെ അമ്ബരപ്പിക്കുന്നത്. 1996 മുതല്‍ അടൂര്‍ പ്രകാശ് ജയിച്ചുവന്നിരുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫിന്‍റെ കെ.യു.ജനീഷ്കുമാര്‍ 5,003 വോട്ടുകളുടെ ലീഡാണ് ആദ്യറൗണ്ടുകളില്‍ തന്നെ നേടിയത്.


അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച റോബിന്‍ പീറ്ററെ മറികടന്നാണ് കോന്നിയില്‍ പി.മോഹന്‍രാജ് സ്ഥാനാര്‍ഥിത്വം നേടിയത്. പ്രചരണങ്ങളിലും അടൂര്‍ പ്രകാശിന്‍റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇത് യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. ബിജെപി ഏക പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ കെ.സുരേന്ദ്രന്‍ മൂന്നാമതാണ്. വട്ടിയൂര്‍ക്കാവില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി വി.കെ.പ്രശാന്ത് മണ്ഡലം എല്‍ഡിഎഫിന് ഉറപ്പിച്ചിരിക്കുകയാണ്. 5,795 വോട്ടുകള്‍ക്കാണ് പ്രശാന്ത് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.സീമ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലമാണ് പ്രശാന്തിലൂടെ തിരിച്ചുപിടിച്ചത്.




Sharing is Caring