ലോ അക്കാദമി പ്രശ്നത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് ഉരുണ്ടു കളിക്കുമ്പോള്‍ ദേശീയ വനിതാ കമ്മീഷന് ഇടപെടുന്നു. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ചയിലധികമായി പ്രക്ഷോഭ രംഗത്താണ്. ഇവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ ദേശീയ വനിതാ കമ്മീഷന് കോളേജ് മാനേജ്മെന്റിന് നോട്ടീസ് നല്കി.
മാനേജ്മെന്റിന്റെ വിശദീകരണത്തിനു പിന്നാലെ കമ്മീഷന് നേരിട്ടെത്തി വിവരശേഖരണം നടത്തും. അടുത്താഴ്ച ദേശീയ വനിതാ കമ്മീഷന് അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്നു ലഭിക്കുന്ന സൂചന.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരില്‍ നിന്നു പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനങ്ങള്‍ മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ക്കു പുറമേ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും സമരരംഗത്താണ്.
സ്വമേധയാ അന്വേഷണം നടത്താനുള്ള അധികാരം ഉണ്ടായിട്ടും സംസ്ഥാന വനിതാ കമ്മീഷന് നിസംഗത. ചെയര്പേഴ്ണ് റോസക്കുട്ടിയുടെ പരിധിയില്‍ വരുന്ന പ്രദേശമാണ് തിരുവനന്തപുരം. കമ്മീഷന്റെ ആസ്ഥാനവും തിരുവനന്തപുരത്താണ്.
മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ നേരിട്ടെത്തി വനിതാ കമ്മീഷന് അംഗങ്ങള്‍ രേഖപ്പെടുത്തി, റിപ്പോര്‍ട്ട് നല്കി. എന്നാല്‍, ലോ അക്കാദമിയുടെ കാര്യത്തില്‍ ഇത്തരം നടപടികളുണ്ടായിട്ടില്ല. സംസ്ഥാന വനിതാ കമ്മീഷന് ചുമതല നിര്‍വ്വഹിക്കാതെ വന്നതോടെയാണ് ദേശീയ വനിതാ കമ്മീഷന് ഇടപെടാന്‍ തീരുമാനിച്ചത്.













