ജയിക്കുന്നവര്‍ക്ക് പരമ്പര


രണ്ടാം ട്വന്റി 20യില്‍ അപ്രതീക്ഷിത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20ക്കിറങ്ങുന്നു.
ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും രണ്ടാം കളിയില്‍ ഇന്ത്യയും വിജയിച്ച് പരമ്പര 1-1 എന്ന നിലയിലാണ്. ഇന്ന് ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. രാത്രി 7ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് കളി.


കഴിഞ്ഞ കളിയില്‍ അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറയുടെ അപ്രതീക്ഷിത പ്രകടനമാണ് ഇന്ത്യക്ക് അഞ്ച് റണ്ണിന്റെ വിജയം സമ്മാനിച്ചത്. ഈ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ട് റണ്‍ മാത്രമാണ് വിട്ടുനല്‍കിയത്. ബാറ്റിങ്ങ് നിര ഇനിയും മികച്ച ഫോമിലേക്കുയരാത്തതാണ് ഇന്ത്യയെ അലട്ടുന്നത്. കഴിഞ്ഞ കളിയില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഓപ്പണര്‍ ലോകേഷ് രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന കാണിച്ചതാണ് ഇന്ത്യക്ക് ആശ്വാസം. എന്നാല്‍ യുവരാജ് സിങ്ങും സുരേഷ് റെയ്‌നയും കഴിഞ്ഞ രണ്ട് കളിലും തീര്‍ത്തും നിരാശപ്പെടുത്തി. കോഹ്‌ലിയും ധോണിയും ഇതുവരെ മികച്ച ഫോമിലെത്തിയിട്ടില്ലെങ്കിലും പൂര്‍ണ്ണ പരാജയമല്ല. തരക്കേടില്ലാത്ത ബാറ്റിങ്ങ് അവര്‍ നടത്തുന്നു.


ബൗളര്‍മാരില്‍ വെറ്ററന്‍ പേസര്‍ ആശിഷ് നെഹ്‌റ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. കഴിഞ്ഞ കൡയില്‍ മൂന്ന് വിക്കറ്റുകള്‍ പിഴുത നെഹ്‌റ തന്നെയായിരുക്കും ഇന്നും ഇന്ത്യന്‍ ആക്രമണം നയിക്കുക. ഒപ്പം ബുംറയും യുസ്‌വേന്ദ്ര ചാഹലും അമിത് മിശ്രയും അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് ഇന്ന് പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞേക്കും.



Sharing is Caring