ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കില്ല; മാര്‍ക്ക് ദാനത്തെക്കുറിച്ചു തുടരന്വേഷണം


ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കില്ലെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്. അംഗീകാരം റദ്ദാക്കണമെന്ന യുഡിഎഫ് പ്രമേയം സിന്‍ഡിക്കേറ്റ് വോട്ടിനിട്ടു തള്ളി. സിപിഐ ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎമ്മിന്റെ ഉള്‍പ്പെടെ 12 അംഗങ്ങള്‍ പ്രമേയത്തിനെതിരായി വോട്ടു ചെയ്തു.


ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച പരാതി അന്വേഷിക്കും. ഇതിനായി പരീക്ഷാ സമിതിയെ ചുമതലപ്പെടുത്തി. അക്കാദമിയിലെ മാര്‍ക്ക് ദാനത്തെക്കുറിച്ചു തുടരന്വേഷണം നടത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.


വിദ്യാര്‍ഥികളെ ബാധിക്കാത്ത തരത്തില്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. ഇക്കാര്യം ഏഴ് അംഗങ്ങള്‍ ഒപ്പിട്ട് സിന്‍ഡിക്കേറ്റ് യോഗത്തിന് നല്‍കി. കോളജും അക്കാദമിയുടെ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കണമെന്നും സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സിപിഐ അംഗമായ ആര്‍.ലതാദേവി അക്കാദമിയുടെ അംഗീകാരം താല്‍കാലികമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വകലാശാല ഇടപെടണമെന്നും ലതാദേവി പറഞ്ഞു.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ പങ്കെടുത്തില്ല. സര്‍ക്കാരിനോടുള്ള വിസിയുടെ ഭക്തിയാണ് ഇതില്‍നിന്നു മനസിലാകുന്നതെന്ന് യുഡിഎഫ് അംഗങ്ങള്‍ വിമര്‍ശിച്ചു.



Sharing is Caring