ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സിന്ധു സെമിയില്‍

ഒളിംപിക് വെള്ളി മെഡല്‍ ജേത്രി ഇന്ത്യയുടെ പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ചൈനയുടെ സുന്‍ യുവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു സെമിയിലേക്ക് കടന്നത്. അവസാന നാലിലെത്തിയതോടെ സിന്ധു വെങ്കല മെഡല്‍ ഉറപ്പാക്കുകയും ചെയ്തു. 21-14, 21-9 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ ആനായാസ വിജയം. ക്വാര്‍ട്ടറില്‍ ഉജ്ജ്വല പോരാട്ടമാണ് സിന്ധു പുറത്തെടുത്തത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും പതറിപ്പോകാതെയാണ് സിന്ധു മുന്നേറിയത്. കേവലം 39 മിനുട്ടുകള്‍ കൊണ്ട് മത്സരം ഇന്ത്യന്‍ താരം സ്വന്തമാക്കി. തുടക്കം മുതല്‍ ലീഡില്‍ മുന്നേറിയ സിന്ധുവിനെതിരേ ഒരു വേള തിരിച്ചടിക്കാനുള്ള ശ്രമം സുന്‍ യു നടത്തിയിരുന്നു. ആദ്യ സെറ്റിനിടെ 39 ഷോട്ടുകളുമായി ലോങ് റാലികളും അരങ്ങേറി.
ലോക ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ രണ്ട് തവണ വെങ്കലം നേടിയിട്ടുള്ള സിന്ധുവിന് ആ മികവ് മറികടക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. നിലവിലെ മികവ് പരിഗണിച്ചാല്‍ വെങ്കല നേട്ടം സ്വര്‍ണമോ വെള്ളിയോ ആയി ഉയര്‍ത്താനുള്ള കഴിവും താരത്തിനുണ്ട്. സെമിയില്‍ നിലവിലെ ജൂനിയര്‍ ലോക ചാംപ്യന്‍ ചൈനയുടെ തന്നെ ചെന്‍ യുഫേയിയാണ് സിന്ധുവിന്റെ എതിരാളി.
പുരുഷ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പരാജയമേറ്റു വാങ്ങി പുറത്തായി. ലോക ഒന്നാം നമ്പര്‍ താരം കൊറിയയുടെ സന്‍ വാന്‍ ഹോയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ അവസാനം വരെ പൊരുതാന്‍ ശ്രീകാന്തിന് സാധിച്ചെങ്കിലും അന്തിമ വിജയം കനിഞ്ഞില്ല. സ്‌കോര്‍: 14-21, 18-21. പുരുഷ സിംഗിള്‍സില്‍ ഡെന്‍മാര്‍കിന്റെ വിക്ടര്‍ അക്‌സെല്‍സന്‍, അഞ്ച് തവണ ചാംപ്യനായ ലിന്‍ ഡാന്‍ എന്നിവര്‍ സെമിയിലേക്ക് കടന്നു. നേരത്തെ ഇന്ത്യയുടെ അജയ് ജയറാമും പുറത്തായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *