ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ന്യൂസിലന്‍ഡ്‌ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു, ഇന്ത്യയെ നേരിടാന്‍ ഇന്ത്യന്‍ വംശജനും

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15 ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. പരുക്കില്‍ നിന്നു മുക്തനായ നായകന്‍ കെയ്ന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറി മികച്ച പ്രകടനം കാഴ്ചവച്ച ഡെവണ്‍ കോണ്‍വേ, ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍ എന്നിവരും ഇടംനേടി.

സതാംപ്ടണില്‍ 18-നാണ് ഇന്ത്യക്കെതിരായ ഫൈനല്‍ മത്സരം ആരംഭിക്കുന്നത്. ടോം ലാതം, ഹെന്റ്‌റി നിക്കോള്‍സ്, റോസ് ടെയ്‌ലര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് തുടങ്ങി പ്രമുഖ താരങ്ങള്‍ എല്ലാം തന്നെ ടീമില്‍ ഇടംപിടിച്ചു. സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍, ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍ എന്നിവര്‍ക്കാണ് ടീമില്‍ നിന്ന് സ്ഥാനം നഷ്ടമായത്.

പരുക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നു വിട്ടുനിന്ന നായകന്‍ കെയ്ന്‍ വില്യംസണിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. വില്യംസണ്‍ പരുക്കില്‍ നിന്നു മുക്തനായെന്നും ഫൈനലില്‍ കളിക്കാന്‍ പൂര്‍ണ ഫിറ്റായെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

സ്‌പെഷലിസ്റ്റ് സ്പിന്നര്‍ എന്ന നിലയ്ക്കാണ് അജാസ് പട്ടേല്‍ ടീമില്‍ ഇടംപിടിച്ചത്. ഈ സ്ഥാനത്തേക്ക് സാന്റ്‌നറുമായി കടുത്ത മത്സരത്തിലായിരുന്നു താരം. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ നാലുവിക്കറ്റ് പ്രകടനം അജാസിനെ ടീമില്‍ എത്തിക്കുകയായിരുന്നു.

1988-ല്‍ മുംബൈയില്‍ ജനിച്ച അജാസ് കുടുംബത്തിനൊപ്പം എട്ടാം വയസിലാണ് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്. 2018 പാകിസ്താനെതിരേ ന്യൂസിലന്‍ഡിനായി അരങ്ങേറിയ താരം ഇതുവരെ ഒമ്പതു ടെസ്റ്റുകളില്‍ നിന്ന് 26 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ന്യൂസിലന്‍ഡ് ടീം:- ടോം ലാതം, ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഹെന്റ്‌റി നിക്കോള്‍സ്, വില്‍ യങ്, ബ്രാഡ് വാട്‌ലിങ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, കൈല്‍ ജാമിസണ്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റ്‌റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *