ലോക ചാംപ്യന്‍ഷിപ്പിന് ശേഷം വിരമിക്കുമെന്നുറപ്പിച്ച് ഉസൈന്‍ ബോള്‍ട്ട്

കളം വിടുകയാണെന്നുറപ്പിച്ച് വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. തന്റെ അവസാന സീസണിലൂടെയാണ് കടന്ന് പോകുന്നതെന്ന് ജമൈക്കന്‍ താരം പറഞ്ഞു. ഈ സീസണിന് ശേഷം ട്രാക്കില്‍ തുടരുമോ എന്ന ചോദ്യത്തിന് താന്‍ അതിന് ഉദ്ദേശിക്കുന്നില്ലെന്ന് ബോള്‍ട്ട് മറുപടി നല്‍കി.

വികാര നിര്‍ഭരമായ ഒരു സീസണ്‍ ആണിത്. അവസാന മത്സരത്തില്‍ ആരാധകര്‍ക്കായി മികച്ചൊരു കാഴ്ച്ച വിരുന്ന് ഒരുക്കും. ഒരിക്കല്‍ കൂടി മാത്രമേ അവര്‍ക്കതിന് സാധിക്കൂ എന്നതിനാലാണ് അത്. ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ താന്‍ 200 മീറ്റര്‍ മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്നും ബോള്‍ട്ട് വ്യക്തമാക്കി.

കരിയര്‍ വളരെ മികച്ചതും അമ്പരപ്പിക്കുന്നതുമായിരുന്നു. ഉയര്‍ച്ചകളും താഴ്ച്ചകളും എല്ലാ അനുഭവങ്ങളും കടന്നുപോയ സന്തോഷങ്ങളും ദു:ഖങ്ങളും ഞാന്‍ നന്നായി ആസ്വദിച്ചു. ആഗ്രഹിച്ചതെല്ലാം ചെയ്തു. കരിയര്‍ അവസാനിക്കുകയാണ്. ഞാന്‍ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു.

ഉസൈന്‍ ബോള്‍ട്ട്
ഇപ്പോള്‍ സീസണിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജനത്തെ രസിപ്പിക്കുന്നത് താന്‍ വളരെ ഇഷ്ടപ്പെടുന്നു. പരമാവധി ശ്രമിച്ച് ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനാണ് ശ്രമിക്കുന്നതെന്നും മുപ്പതുകാരനായ ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ ഓഗസ്റ്റ് 12ന് നടക്കുന്ന 4×100 മീറ്റര്‍ റിലേ ഫൈനലിന് വേണ്ടിയാണ് ബോള്‍ട്ട് അവസാനമായി ട്രാക്കിലിറങ്ങുക.

എട്ട് ഒളിംപിക് സ്വര്‍ണമുള്‍പെടെ 11 സ്വര്‍ണമെഡലുകളാണ് തന്റെ കരിയറില്‍ ബോള്‍ട്ട് നേടിയത്. മൂന്ന് ഇനങ്ങളിലും ആധിപത്യം ഉറപ്പിച്ച് റെക്കോഡ് സൃഷ്ടിച്ചയാളാണ് ബോള്‍ട്ട്. ഓട്ടോമാറ്റിക് സമയക്രമീകരണം നിര്‍ബന്ധമാക്കിയതിന് ശേഷം ആദ്യമായാണ് 100 മീറ്ററിലും 200 മീറ്ററിലും ഒരേ വ്യക്തി ലോകറെക്കോഡിന് ഉടമയാകുന്നത്. 4×100 മീറ്റര്‍ റിലേയിലും ബോള്‍ട്ടിന് ലോക റെക്കോഡുണ്ട്. എക്കാലത്തെയും മികച്ച സ്പ്രിന്ററായാണ് ബോള്‍ട്ട് വിശേഷിക്കപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *