ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി: നിയന്ത്രണം കണ്ടെയ്ൻമെന്‍റ് സോണുകളിൽ

രാജ്യത്ത് കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ജൂണ്‍ 30വരെ ലോക്ഡൗണ്‍ നീട്ടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കും.

ഒന്നാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍, മാളുകള്‍ എന്നിവ തുറക്കും. അന്തർസംസ്ഥാന യാത്രകള്‍ക്കും അനുമതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണില്‍ തുറക്കില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍, മെട്രോ, സിനിമാ തിയറ്ററുകള്‍ തുടങ്ങിയവയും ഉടനുണ്ടാകില്ല. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു..

കൂടുതൽ ഇളവുകളോടെയാണ് അഞ്ചാംഘട്ട ലോക്ഡൗൺ. കണ്ടെയ്ന്‍മെന്‍റ് പ്രദേശത്തിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടംഘട്ടമായി തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ ജൂണ്‍ എട്ടു മുതല്‍ പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്‍റുകള്‍, സേവനവുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സ്കൂളുകൾ, കോളജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ജൂലൈ മുതൽ പ്രവ൪ത്തിക്കാം. തുറന്നുപ്രവര്‍ത്തിക്കുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച എസ്ഒപി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടൻ പുറത്തിറക്കും.

രാത്രിയാത്രാ നിരോധനം തുടരും. സമയത്തില്‍ മാറ്റമുണ്ട്. രാത്രി 9 മുതൽ രാവിലെ 5 മണിവരെയാണ് പുതിയ യാത്രാ നിരോധനം. രാജ്യാന്തര യാത്ര സർവീസുകൾ അനുവദിക്കുന്നതു മൂന്നാം ഘട്ടത്തിലായിരിക്കും. മെട്രോ റെയിൽ പ്രവർത്തനം, സിനിമാ തിയേറ്റർ, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം തുടങ്ങുന്ന കാര്യവും സാഹചര്യങ്ങൾ പരിശോധിച്ച് മൂന്നാംഘട്ടത്തിൽ തീരുമാനിക്കാം.

അന്ത൪ദേശീയ വിമാന സ൪വീസുകൾ, മെട്രോറെയിൽ, തിയേറ്ററുകൾ, ബാറുകൾ, മറ്റ് പൊതുസംഗമങ്ങൾ എന്നിവ തുറക്കാൻ സാഹചര്യം പരിശോധിച്ച് സംസ്ഥാനങ്ങൾക്ക് തീയതി തീരുമാനിക്കാം. . അന്ത൪ സംസ്ഥാന യാത്രകൾക്കും സംസ്ഥാനങ്ങൾക്കുള്ളിലെ യാത്രകൾക്കും നിയന്ത്രണങ്ങളില്ല. ഈ കാര്യങ്ങളിലെല്ലാം നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾക്ക് ഏ൪പ്പെടുത്താം.

അതിതീവ്ര മേഖലകളിൽ ക൪ശന നിയന്ത്രണം തുടരും. അറുപത്തിയഞ്ച് വയസിന് മുകളിലും 10 വയസിന് താഴെയുമുള്ളവര്‍ വീട്ടിൽ നിന്ന് അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പുതിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *