ലോകകപ്പ് യോഗ്യത; ജര്‍മ്മനിക്കും ഇംഗ്ലണ്ടിനും ജയം

ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്കും കരുത്തരായ ഇംഗ്ലണ്ടിനും പോര്‍ച്ചുഗലിനും ജയം. അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഫ്രാന്‍സ് സമനിലയില്‍ കുരുങ്ങിയപ്പോള്‍ നെതര്‍ലന്‍ഡ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി.

ആറടിച്ച് ജര്‍മ്മനി
ഗ്രൂപ്പ് സിയില്‍ സ്റ്റുട്ട്ഗര്‍ട്ടിലെ മെഴ്‌സിഡസ്‌ബെന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മ്മനി നോര്‍വേയെ തകര്‍ത്തത്. ജര്‍മ്മനിക്കായി ടിമോ വെര്‍ണര്‍ ഇരട്ട ഗോള്‍ നേടി.
കളിയുടെ പത്താം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിലൂടെയാണ് ജര്‍മ്മനി ഗോള്‍മഴക്ക് തുടക്കമിട്ടത്. പിന്നീട് 17-ാം മിനിറ്റില്‍ ഡ്രാക്‌സലറും 21, 40 മിനിറ്റുകളില്‍ വെര്‍ണറും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ തന്നെ ജര്‍മ്മനി 4-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കി. തുടര്‍ന്ന് 50-ാം മിനിറ്റില്‍ ലിയോണ്‍ ഗൊരെറ്റ്‌സ്‌കയും 79-ാം മിനിറ്റില്‍ മരിയോ ഗോമസും വല കുലുക്കിയതോടെ ജര്‍മ്മനിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ വടക്കന്‍ അയര്‍ലന്‍ഡ് 2-0ന് ചെക്ക് റിപ്പബ്ലിക്കിനെയും അസര്‍ബെയ്ജാന്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സാന്‍ മിരിനോയെയും കീഴടക്കി. വിജയത്തോടെ ജര്‍മ്മനി യോഗ്യതയ്ക്ക് തൊട്ടടുത്തെത്തി. എട്ട് മത്സരങ്ങള്‍ കളിച്ച അവര്‍ എട്ടും ജയിച്ച് 24 പോയിന്റുമായി ഒന്നാമത്. ശേഷിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് കൂടി മതി അവര്‍ക്ക് റഷ്യയിലേക്ക് ടിക്കറ്റെടുക്കാന്‍. 19 പോയിന്റുള്ള വടക്കന്‍ അയര്‍ലന്‍ഡാണ് ഗ്രൂപ്പില്‍ രണ്ടാമത്.

പോളണ്ടിനും ഡെന്മാര്‍ക്കിനും ജയം
ഗ്രൂപ്പ് ഇയില്‍ കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിങിലേക്ക് നീങ്ങുകയാണ്. പോളണ്ടും മോണ്ടെനെഗ്രോയും ഡെന്മാര്‍ക്കും തങ്ങളുടെ എട്ടാം റൗണ്ട് മത്സരത്തില്‍ വിജയം കണ്ടു.
പോളണ്ട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കസാക്ക്സ്ഥാനെ തകര്‍ത്തപ്പോള്‍ മോണ്ടെനെഗ്രോ 1-0ന് റുമാനിയെയും ഡെന്മാര്‍ക്ക് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍മേനിയയെയും തകര്‍ത്തു. തോമസ് ഡെലാനിയുടെ ഹാട്രിക്ക് ഡെന്മാര്‍ക്കിന് മിന്നുന്ന ജയം സമ്മാനിച്ചത്. 18, 81, 90 മിനിറ്റുകളിലായിരുന്നു ഡെലാനിയുടെ ഹാട്രിക്ക്. ഗ്രൂപ്പിലെ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 19 പോയിന്റുമായി പോളണ്ട് ഒന്നും 16 പോയിന്റ് വീതം നേടി മോണ്ടെനെഗ്രോ, ഡെന്മാര്‍ക്ക് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങൡ നില്‍ക്കുന്നു.

പിന്നില്‍നിന്ന് തിരിച്ചടിച്ച് ഇംഗ്ലണ്ട്
ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് സ്ലൊവാക്യക്കെതിരെ ജയം നേടിയത്. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് ഗോള്‍ വഴങ്ങി. സ്റ്റാനിസ്ലാവ് ലൊബൊട്കയാണ് സ്ലൊവാക്യയെ മുന്നിലെത്തിച്ചത്. എന്നാല്‍ ലീഡ് വഴങ്ങിയതോടെ വര്‍ദ്ധിത വീര്യത്തില്‍ തിരിച്ചടിച്ച ഇംഗ്ലണ്ട് 37-ാം മിനിറ്റില്‍ എറിക് ഡയറിലൂടെ സമനില പിടിച്ചു. പിന്നീട് 50-ാം മിനിറ്റില്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡിന്റെ ഗോളും വന്നതോടെ വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. മറ്റ് മത്സരങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡ് 2-0ന് മാള്‍ട്ടയെയും സ്ലൊവേനിയ 4-0ന് ലിത്വാനിയെയും തകര്‍ത്തു. എട്ട് കളികളില്‍ നിന്ന് ആറ് വിജയം രണ്ട് സമനിലയുമടക്കം 20 പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പില്‍ ഒന്നാമത്. ശേഷിക്കുന്ന രണ്ട് കളികളില്‍ നിന്ന് ഒരു പോയിന്റ് കൂടി നേടിയാല്‍ ഇംഗ്ലണ്ടിന് റഷ്യയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കാം. 15 പോയിന്റുള്ള സ്ലൊവാക്യ രണ്ടാമതും 14 പോയിന്റുമായി സ്ലൊവേനിയ മൂന്നാമതും. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരാളികള്‍ സ്ലൊവേനിയയാണ്.

വിജയവഴിയില്‍ ഡച്ച്; ്രഫാന്‍സിന് സമനില
ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ഫ്രാന്‍സിന് സ്വന്തം മണ്ണില്‍ നാണംകെട്ട സമനില. നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബള്‍ഗേറിയയെ തകര്‍ത്തപ്പോള്‍ ദുര്‍ബ്ബലരായ ലക്‌സംബര്‍ഗാണ് താരനിബിഡമായ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത്. ഫ്രാന്‍സിനോട് കഴിഞ്ഞ മത്സരത്തില്‍ ഏറ്റ കനത്ത പരാജയത്തില്‍ നിന്ന് ഹോളണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഡാവി പ്രോപ്പര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ആര്യന്‍ റോബന്റെ വകയായിരുന്നു ഒരെണ്ണം. പ്രോപ്പര്‍ ഓറഞ്ച് പടയ്ക്കായി തന്റെ ആദ്യ ഗോളാണ് കണ്ടെത്തുന്നത്. അതേസമയം ഹോളണ്ടിന്റെ എക്കാലത്തെയും മികച്ച എട്ടാമത്തെ ഗോള്‍ സ്‌കോററായി റോബന്‍. 94 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളാണ് റോബന്റെ അക്കൗണ്ടിലുള്ളത്.

അതേസമയം സൂപ്പര്‍ താരങ്ങളുമായി ഇറങ്ങിയ ഫ്രാന്‍സിന് ലക്‌സംബര്‍ഗിന്റെ പ്രതിരോധക്കോട്ട മറികടക്കാനായില്ല. ലോക റാങ്കിങ്ങില്‍ 123-ാം സ്ഥാനത്താണ് ലക്‌സംബര്‍ഗ്. പോള്‍ പോഗ്ബ, ഗ്രീസ്മാന്‍, ജിറൗഡ് തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം പൊരുതാനിറങ്ങിയിട്ടും ലക്‌സംബര്‍ഗിന്റെ പ്രതിരോധക്കോട്ട പൊളിക്കാനായില്ല. ലക്‌സംബര്‍ഗിന്റെ 103 വര്‍ഷത്തെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഫ്രാന്‍സുമായി ആദ്യമായാണ് പരാജയമറിയാതിരിക്കുന്നത്. മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബെലാറസിനെ തകര്‍ത്തു. എട്ട് കളികളില്‍ നിന്ന് 17 പോയിന്റുമായി ഫ്രാന്‍സ് ഒന്നും 16 പോയിന്റുമായി സ്വീഡന്‍ രണ്ടാം സ്ഥാനത്തും 13 പോയിന്റുമായി നെതര്‍ലന്‍ഡ്‌സ് മൂന്നാം സ്ഥാനത്തുമാണ്.

ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡും പോര്‍ച്ചുഗലും വിജയം കണ്ടു. പോര്‍ച്ചുഗല്‍ എവേ പോരാട്ടത്തില്‍ 1-0ന് ഹംഗറിയെ തോല്‍പ്പിച്ചു. കളിയുടെ 48-ാം മിനിറ്റില്‍ ആന്ദ്രെ സില്‍വയാണ് വിജയഗോള്‍ നേടിയത്. ലാത്‌വിയക്കെതിരായ കളിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയം. എട്ട് കളികളില്‍ നിന്ന് 24 പോയിന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാമതും 21 പോയിന്റുമായി പോര്‍ച്ചുഗല്‍ രണ്ടാതുമാണ് ഗ്രൂപ്പില്‍.

ബെല്‍ജിയത്തിന് യോഗ്യത
ഗ്രീസിനെ എവേ മത്സരത്തില്‍ ഒന്നിനെതിെരണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബെല്‍ജിയം റഷ്യന്‍ ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബെല്‍ജിയം ലോകകപ്പ് കളിക്കാന്‍ അര്‍ഹത നേടുന്നത്. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് നാല് മിനിറ്റിനുള്ളില്‍. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 70-ാം മിനിറ്റില്‍ യാന്‍ വെര്‍ട്ടോഗനിലൂടെ ബെല്‍ജിയം ലീഡ് നേടി. മൂന്ന് മിനിറ്റിനുശേഷം സെക്കയിലൂടെ ഗ്രീസ് സമനില പിടിച്ചെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ റൊമേലു ലുകാകുവിലൂടെ ബെല്‍ജിയം ലക്ഷ്യം കണ്ട് ജയം നേടുകയായിരുന്നു. എട്ട് കളികളില്‍ നിന്ന് 22 പോയിന്റാണ് ബെല്‍ജിത്തിനുള്ളത്. മറ്റൊരു കളിയില്‍ എഡിന്‍ സെക്കോയുടെ ഇരട്ട ഗോള്‍ മികവില്‍ ബോസ്‌നിയ ഹെര്‍സഗോവിന മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ തകര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *