ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും തോറ്റു


അർജന്റീനയും ബ്രസീലും ഒരേദിനം തോറ്റു. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനെ പരാഗ്വേ ഒരു ഗോളിന് തീർത്തപ്പോള്‍ ചാമ്ബ്യൻമാരായ അർജന്റീന കൊളംബിയക്ക് മുന്നില്‍ വീണു (1–2).ഉറുഗ്വേയെ വെനസ്വേല പിടിച്ചുകെട്ടി (0–-0). മുൻ ലാറ്റിനമേരിക്കൻ ചാമ്ബ്യൻമാരായ ചിലിയെ ബൊളീവിയ മുക്കി (1–-2). ഇക്വഡോർ പെറുവിനെ ഒരുഗോളിന് തോല്‍പ്പിച്ചു.


പതിനാറ് വർഷത്തിനുശേഷമാണ് ബ്രസീല്‍ പരാഗ്വേയോട് തോല്‍ക്കുന്നത്. കളിയുടെ ഇരുപതാംമിനിറ്റില്‍ ഇന്റർ മയാമി താരം ദ്യേഗോ ഗോമസ് പരാഗ്വേയുടെ വിജയഗോള്‍ തൊടുത്തു. ആദ്യപകുതിയില്‍ ഒരിക്കല്‍പ്പോലും ബ്രസീലിന് ലക്ഷ്യത്തിലേക്ക് പന്തടിക്കാനായില്ല. റയല്‍ മാഡ്രിഡ് ത്രയം വിനീഷ്യസ് ജൂനിയർ–-റോഡ്രിഗോ–-എൻഡ്രിക് സഖ്യം മങ്ങി.


യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ അഞ്ച് കളിയില്‍ നാലാംതോല്‍വിയാണ് ഡൊറിവാള്‍ ജൂനിയറിന്റെ സംഘത്തിന്. ഇക്വഡോറിനോട് മാത്രമാണ് ജയിക്കാനായത്. അതും പ്രകടനം മെച്ചമായിരുന്നില്ല. എട്ട് കളിയില്‍ മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ അഞ്ചാമതാണ് ബ്രസീല്‍. ആദ്യ ആറ് സ്ഥാനക്കാർക്കാണ് നേരിട്ട് യോഗ്യത.

പത്ത് പോയിന്റുളള വെനസ്വേല ഗോള്‍ വ്യത്യാസത്തില്‍ മാത്രം പിന്നില്‍നില്‍ക്കുന്നു. ഏഴാമതുള്ള പരാഗ്വേയ്ക്ക് ഒമ്ബത് പോയിന്റാണ്. ചിലിയുമായാണ് അടുത്ത കളി. ഒക്ടോബർ 11നാണ് മത്സരം. കൊളംബിയയുടെ തട്ടകത്തില്‍ അർജന്റീനയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഹമേഷ് റോഡ്രിഗസിന്റെ പെനല്‍റ്റി ഗോളില്‍ കൊളംബിയ ജയംകുറിച്ചു. അർജന്റീനയ്ക്കായി ലയണല്‍ മെസി കളിച്ചിരുന്നില്ല.

പതിനെട്ട് പോയിന്റുമായി അർജന്റീന ഒന്നാമത് തുടരുകയാണ്. ലോകകപ്പിനുശേഷമുള്ള 12 കളിയില്‍ രണ്ടാമത്തെ മാത്രം തോല്‍വി. 16 പോയിന്റുമായി കൊളംബിയ രണ്ടാമതായി. യോഗ്യതാ റൗണ്ടില്‍ ഒരു കളിയുംതോറ്റില്ല. നാലുവീതം ജയവും സമനിലയും. യെഴ്സണ്‍ മൊസ്ക്വേരയുടെ ഗോളില്‍ തുടക്കത്തില്‍ത്തന്നെ കൊളംബിയ മുന്നിലെത്തി. റോഡ്രിഗസ് അവസരമൊരുക്കുകയായിരുന്നു.

രണ്ടാംപകുതിയുടെ ആദ്യഘട്ടത്തില്‍ നിക്കോളാസ് ഗൊണ്‍സാലസ് അർജന്റീനയ്ക്കായി ഒന്നുമടക്കി. പിന്നാലെ റോഡ്രിഗസ് പെനല്‍റ്റിയിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചു. കോപ അമേരിക്കയില്‍ കൊളംബിയയെ തോല്‍പ്പിച്ചാണ് അർജന്റീന ജേതാക്കളായത്. വെനസ്വേലയുമായാണ് അർജന്റീനയുടെ അടുത്ത കളി.



Sharing is Caring