കൊച്ചി: ലൈഫ് ഭവന നിർമാണ പദ്ധതിയില്‍ 2016 മുതല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപയെന്ന് മന്ത്രി എം.ബി രാജേഷ്. എറണാകുളം പി ആൻഡ് ടി കോളനി നിവാസികളുടെ പുനരധിവാസത്തിനായി ജി.സി.ഡി.എ-സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുമായി സഹകരിച്ച് തോപ്പുംപടി മുണ്ടംവേലിയില്‍ നിര്‍മിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.പദ്ധതി പ്രകാരം ഇതുവരെ 3.48 ലക്ഷം കുടുംബങ്ങള്‍ക്ക് വീട് ലഭിച്ചുവെന്നും ഒരു ലക്ഷം വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്.
വീടില്ലാത്ത ഒരാളും കേരളത്തിലുണ്ടാകരുത് എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ആ ലക്ഷ്യം കേരളം കൈവരിക്കും. ഇതാണ് കേരളത്തിന്റെ വികസന ബദല്‍. വീട് നിർമാണത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കുന്നത് കേരളത്തിലാണ്. നാലു ലക്ഷം രൂപ. രണ്ടാം സ്ഥാനത്തുള്ള ആന്ധ്ര നല്‍കുന്നത് 1.8 ലക്ഷം രൂപ മാത്രമാണെന്നും മന്ത്രി പറഞ്ഞു.














