ലൈംഗികബന്ധത്തിനിടെ കാമുകി ശ്വാസംമുട്ടി മരിച്ചു; കാമുകനെതിരെ കേസ്


ലൈംഗികബന്ധത്തിനിടെ കാമുകി മരിച്ച സംഭവത്തില്‍ കാമുകനെതിരെ കേസെടുത്തു. ഇസ്രയേലി പൗരനായ ഒറിറോണ്‍ യാക്കോവ് (23)നെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് മുംബൈ പോലീസ് കേസെടുത്തത്.


ലൈംഗികബന്ധത്തിനിടെ 20-കാരിയായ ഇയാളുടെ കാമുകി ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസ്. ഇവരും ഇസ്രയേല്‍ പൗരയാണ്.


കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു സംഭവം. യാക്കോവും കാമുകിയും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ മുംബൈയിലെ കൊളാബയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് കാമുകിയുടെ മരണം.

ലൈംഗികബന്ധത്തിനിടെ യാക്കോവ്, കാമുകിയുടെ കഴുത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതോടെ ഇവര്‍ ബോധരഹിതയായി. ഇതുകണ്ട യാക്കോവ് ഉടന്‍ തന്നെ ഹോട്ടല്‍ ജീവനക്കാരെ വിവരമറിയിച്ചു.

ജീവനക്കാര്‍ അറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലാതിരുന്നതിനാല്‍ അപകടമരണമെന്ന നിഗമനത്തിലായിരുന്നു പോലീസ്.

പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ ഇസ്രയേലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ അടുത്തിടെ പോലീസിനു ലഭിച്ച ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലാണ്, ശ്വാസംമുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് വ്യക്തമായത്.

തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാക്കോവിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഇസ്രയേലിലാണ്.



Sharing is Caring