‘ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുത്, വേണമെങ്കില്‍ കുഴിച്ചിടാം’; വിവാദമുയര്‍ത്തി കുമ്മനം

തിരുവനന്തപുരം: തിരുവല്ലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണം തീരുന്നതിന് മുമ്പേ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലിഗയുടെ ഭര്‍ത്താവ് ട്വിറ്റര്‍ വഴി മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബന്ധുക്കളുടേയും മറ്റും സംശയങ്ങള്‍ ദൂരീകരിച്ച ശേഷമേ ശവദാഹം നടത്താവൂ. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് തിരക്കിട്ട് ദഹിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

മൃതദേഹം സംസ്‌കരിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ സാഹചര്യമൊരുക്കുന്ന രീതിയില്‍ കുഴിച്ചിടുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.ഇന്നു വൈകിട്ട് ശാന്തികവാടത്തില്‍ തികച്ചും സ്വകാര്യ ചടങ്ങായാണു ലിഗയുടെ സംസ്‌കാരം നടത്തുകയെന്ന് സഹോദരി ഇലീസ് വ്യക്തമാക്കി.

ഞായറാഴ്ച വൈകിട്ടു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ലിഗ അനുസ്മരണയോഗം സംഘടിപ്പിക്കും. ഇതുവരെയുള്ള തിരച്ചിലില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതിനാണു യോഗം. അനുസ്മരണച്ചടങ്ങിലേക്കു മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ക്ഷണിച്ചിട്ടുണ്ട്. വരുമോ എന്ന് ഇരുവരും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഇലീസ് പറഞ്ഞു. അടുത്ത ആഴ്ച തങ്ങള്‍ തിരികെ ലാത്വിയയിലേക്കു പോകും. ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടില്ലെന്നും ഇലീസ് പറഞ്ഞു. സംസ്‌കാരത്തിനുശേഷം ചിതാഭസ്മം ലാത്വിയയിലേക്കു കൊണ്ടുപോയി വീടിനോടു ചേര്‍ന്ന പൂന്തോട്ടത്തില്‍ സൂക്ഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *