ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും

വോട്ടെടുപ്പ് നടക്കുന്ന നാളെ ലാവലിൻ കേസ് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിർണായക രേഖകൾ സമർപ്പിക്കാമെന്ന് സിബിഐ പലതവണ കോടതിയെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും വാദം പറയാൻ സിബിഐ തയാറായിരുന്നില്ല.

27 തവണ മാറ്റിവച്ച ലാവലിൻ കേസ്, നാലാമത്തെ കേസായിട്ടാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കുന്നത്. ഇരുപത്തിയെട്ടാം തവണ സിബിഐ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. വാദം പറയാൻ സിബിഐ തയാറാകുമോ, തങ്ങളുടെ പക്കലുണ്ടെന്ന് പറയുന്ന തെളിവുകളും രേഖകളും സമർപ്പിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. വിശദമായ കുറിപ്പ് നേരത്തെ സി.ബി.ഐ. സമർപ്പിച്ചിരുന്നെങ്കിലും ഇതിന്റെ പകർപ്പ് ഇതുവരെ കക്ഷികൾക്ക് കൈമാറിയിട്ടില്ല. ഈ സാഹചര്യത്തിൽ വാദം പറയാൻ സിബിഐ തയാറായാലും കക്ഷികൾ സമയം ചോദിക്കാനാണ് സാധ്യത. രണ്ട് കോടതികൾ കുറ്റവിമുക്തരാക്കിയ കേസിൽ സുപ്രിംകോടതി ഇടപെടണമെങ്കിൽ ശക്തമായ കാരണങ്ങൾ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ കാരണങ്ങളുണ്ടെന്നും, രേഖാമൂലം സമർപ്പിക്കാമെന്നുമായിരുന്നു സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരായ ആർ.ശിവദാസ്, കസ്തൂരിരംഗഅയ്യർ, കെ.ജി. രാജശേഖരൻ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *