ന്യൂഡല്‍ഹി: ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകള്‍ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ തെളിവായി സ്വീകരിക്കാന്‍ കഴിയുമോ എന്ന വിഷയത്തില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ പുനപരിശോധിക്കാമോ എന്നാണ് കോടതി പരിശോധിക്കുന്നത്.
പത്രം പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, ബിജെപി മുന്‍ നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, രഹസ്യരേഖകളാണ് ചോര്‍ത്തപ്പെട്ടിരിക്കുന്നതെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

ദി ഹിന്ദു ചെയര്മാന് എന്‍. റാമാണ് പ്രതിരോധ മന്ത്രാലയത്തില്‍നിന്നു ചോര്‍ത്തിയ രേഖകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് യഥാഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജികളെത്തിയത്.
റഫാല്‍ ഇടപാടില്‍ പ്രശ്നങ്ങളില്ലെന്നായിരുന്നു, കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തള്ളിക്കൊണ്ട് ഡിസംബറില്‍ കോടതി വിധിച്ചത്.













