റോ-റോ സര്‍വീസ് പുന:രാരംഭിച്ചു; തുടക്കത്തില്‍ എട്ട് മണിക്കൂര്‍ സര്‍വീസ്

കൊച്ചി: ഉദ്ഘാടന ദിവസം തന്നെ മുടങ്ങിയ ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ റൂട്ടിലെ റോ റോ സര്‍വീസ് പുന:രാരംഭിച്ചു. സമയം പുന:ക്രമീകരിച്ച്‌ റോറോ സര്‍വീസ് പുന:രാരംഭിക്കാമെന്ന കെ.എസ്.ഐ.എന്‍.സി നിര്‍ദേശം കൊച്ചി നഗരസഭ അംഗീകരിച്ചതോടെയാണ് സര്‍വീസ് വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ ദിവസം മേയര്‍ വിളിച്ചുചേര്‍ത്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് കെ.എസ്.ഐ.എന്‍.സിയുടെ നിര്‍ദേശം അംഗീകരിക്കുവാന്‍ തീരുമാനിച്ചത്.

പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സമയത്ത് റോ റോ സര്‍വീസ് നടത്താനാണ് തീരുമാനമായത്. ഇന്നു മുതല്‍ എട്ട് മണിക്കൂര്‍ ഫോര്‍ട്ട് കൊച്ചിവൈപ്പിന്‍ റൂട്ടില്‍ റോറോയുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. സമയക്രമീകരണം സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടായി. വിദ്യാര്‍ഥികളുടെ സൗകര്യവും പരിഗണിച്ച്‌ രാവിലെ എട്ട് തൊട്ട് എട്ട് മണിക്കൂറായിരിക്കും സര്‍വീസ് നടത്തുകയെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ഉദ്ഘാടന ദിവസം റോ റോ ഓടിച്ച ഫസ്റ്റ് ക്ലാസ് ഡ്രൈവര്‍ വിന്‍സെന്റിനെ തന്നെ ആശ്രയിച്ചാണ് തുടര്‍ന്നും സര്‍വീസ് നടത്തുക. മതിയായ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചാല്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ സര്‍വീസ് നടത്തുവാന്‍ ഒരുക്കമാണെന്ന് വിന്‍സെന്റ് യോഗത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ കെ.എസ്.ഐ.എന്‍.സിയുടെ നിലപാട് നഗരസഭ തേടിയിട്ടുണ്ട്.

റോറോ സര്‍വീസ് നടത്താത്ത സമയങ്ങളില്‍ ജങ്കാര്‍ ഓടിച്ച്‌ യാത്രാക്ലേശം പരിഹരിക്കാമെന്ന കെ.എസ്.ഐ.എന്‍.സി നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ചചെയ്തു. അതേസമയം റോ റോ സര്‍വീസ് പൂര്‍ണമായും എപ്പോള്‍ സര്‍വീസ് നടത്തുമെന്ന് വ്യക്തത വരുത്തണമെന്ന് നഗരസഭ കെ.എസ്.ഐ.എന്‍.സിയോട് ആവശ്യപ്പെട്ടിരുന്നു. ഉടന്‍ പരിഹരിക്കാമെന്ന് കെ.എസ്.ഐ.എന്‍.സി അറിയിച്ചെങ്കിലും കൃത്യമായ തിയതി അറിയിക്കണമെന്ന് കത്ത് നല്‍കുമെന്ന് മേയര്‍ പറഞ്ഞിരുന്നു.

റോ റോ സര്‍വീസ് വിവാദമായ പശ്ചാതലത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണം. കെഎസ്‌ഐന്‍സിയെ കൂടി ഉള്‍ക്കൊള്ളിച്ച്‌ പ്രശ്നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും കഴിഞ്ഞ ദിവസം കത്ത് അയക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *