റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച സംഭവത്തില്‍ മ്യാന്‍മാറില്‍ പ്രതിഷേധം ശക്തമാകുന്നു;’അറസ്റ്റ് മീ ടൂ’ എന്ന പേരില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍

റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച സംഭവത്തില്‍ മ്യാന്‍മാറില്‍ പ്രതിഷേധം ശക്തമാകുന്നു. ‘അറസ്റ്റ് മീ ടൂ’ എന്ന ഹാഷ്ടാഗില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പ്രതിഷേധ ക്യാമ്പയിന്‍ ഇതിനകം വൈറലായി മാറി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യാവ് സോ ഊ എന്നിവര്‍ക്കാണ് യാങ്കോണ്‍ ജില്ലാക്കോടതി തിങ്കളാഴ്ച ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചത്. രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഇത്. 2017 സെപ്റ്റംബറില്‍ റാഖിന്‍ സംസ്ഥാനത്ത് പത്ത് റോഹിംഗ്യകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് വാ ലോണും ക്യാവ് സോ ഊയും അറസ്റ്റിലായത്.

‘അന്വേഷണത്തിനുവേണ്ട വിവരങ്ങളും ഫോണ്‍ നമ്പറും ശേഖരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ചതെങ്കില്‍ എന്നെയും അറസ്റ്റുചെയ്യൂ’ എന്ന സന്ദേശത്തിനൊപ്പമാണ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റ് മീ ടൂ കാമ്പയിനിന്റെ ഭാഗമാകുന്നത്.

മ്യാന്‍മാറിലെ 83 പ്രാദേശിക മാധ്യമപ്രവര്‍ത്തക കൂട്ടായ്മകളും സ്ത്രീസംരക്ഷണയുവജന സംഘടനകളും സംയുക്തമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. മ്യാന്‍മാറില്‍ പലയിടങ്ങളിലും പ്രതിഷേധറാലി നടന്നു.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മ്യാന്‍മാറിലെ പ്രമുഖ പത്രമായ ‘7 ഡെയ്‌ലി’ തങ്ങളുടെ ഒന്നാംപേജ് കറുത്ത പശ്ചാത്തലത്തില്‍ ഒഴിച്ചിട്ടു. പത്രത്തെ തുളച്ചുകയറുന്ന കത്തിയുടെ ചിത്രത്തിനൊപ്പം ‘അടുത്തതാര്’ എന്ന ചോദ്യവും 7 ഡെയ്‌ലി ഒന്നാംപേജില്‍ ഉന്നയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *