റിയോ ഒളിമ്പിക്സ് ഫുട്ബോളില്‍ ബ്രസീലിന് സ്വര്‍ണം


ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോട് ദയനീയമായി തോറ്റ ബ്രസീല്‍ റിയോ ഒളിമ്പിക്സില്‍ ചരിത്ര വിജയം സ്വന്തമാക്കി.മരക്കാനയിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 5-4നായിരുന്നു ബ്രസീലിന്റെ വിജയം.നായകന്‍ നെയ്മറാണ് ബ്രസീലിനെ സ്വര്‍ണ നേട്ടത്തിലേക്ക് നയിച്ചത്.


മഞ്ഞനിറത്തില്‍ മുങ്ങിയ മരാക്കാനയെ ഇളക്കി മറിച്ച് നെയമറിലൂടെ ബ്രസീലാണ് ആദ്യം വലകുലുക്കിയത്. മഴവില്ല് ചന്തത്തോടെയാണ് നെയ്മറിന്റെ ഫ്രീകിക്ക് ജര്‍മ്മന്‍ വലയില്‍ ഇറങ്ങിയത്. ഗോള്‍ മടക്കാനുള്ള ജര്‍മ്മന്‍ കാത്തിരിപ്പ് 58 മിനുറ്റ് വരെ നീണ്ടു.


പിന്നീട് ആര്‍ക്കും ജയിക്കാവുന്ന ഒരു തുറന്ന മത്സരമായിരുന്നു കണ്ടത്. വിജയിയെ കണ്ടെത്താനുള്ള പോരാട്ടം നിശ്ചിതസമയവും അധിക സമയവും പിന്നിട്ടിട്ടും തീരുമാനമായില്ല. പിന്നെ ഷൂട്ടൗട്ടിന്റെ മരണക്കളി. ആദ്യ നാലുകിക്കുകളും ഇരു ടീമുകളും പിഴവുകള്‍ കൂടാതെ വലയിലെത്തിച്ചു.
എന്നാല്‍ ജര്‍മ്മനിയുടെ അഞ്ചാം കിക്ക് തടഞ്ഞ് വെവേര്‍ട്ടണ്‍ ബ്രസീലിന്റെ വീരനായകനായി. സ്വര്‍ണ മെഡലിനായുള്ള കിക്ക് നെയ്മറും ലക്ഷ്യത്തിലെത്തിച്ചതോടെ ബ്രസീലുകാര്‍ എല്ലാം മറന്നു.



Sharing is Caring