റിയോയില്‍ മോശം പെരുമാറ്റം: കായികമന്ത്രിയുടെ പാസ് റദ്ദാക്കുമെന്ന് സംഘാടകര്‍


ഇന്ത്യന്‍ കായികമന്ത്രി വിജയ് ഗോയലിന് റിയോ ഒളിംപിക്‌സ് സംഘാടകരുടെ മുന്നറിയിപ്പ്. മോശം പെരുമാറ്റത്തിനാണ് കായിക മന്ത്രിയുടെ അക്രഡിറ്റേഷന്‍ റദ്ദ് ചെയ്യുമെന്ന് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയത്. അക്രഡിറ്റേറ്റഡ് മേഖലകളില്‍ അനുവാദമില്ലാതെ കടന്നുചെന്നുവെന്നാണ് ഒളിംപിക് കമ്മറ്റിയുടെ ആരോപണം.


മന്ത്രിയുടെ കൂടെയുണ്ടായിരുന്നവരുടെ മോശം പെരുമാറ്റവും സംഘാടകരുടെ പ്രധാന പരാതിയാണ്. സംഘാടകരോട് മര്യാദയില്ലാതെയാണ് ഇവര്‍ പെരുമാറുന്നതെന്നും പരാതിയുണ്ട്. ഇതു സംബന്ധിച്ച് സംഘാടകര്‍ ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍ രാകേഷ് ഗുപ്തക്ക് കത്തെഴുതിയിട്ടുണ്ട്.


അതേസമയം ആരോപണം തനിക്കെതിരെയല്ലെന്നും തന്റെ കൂടെയുള്ളവര്‍ക്കെതിരെയാണെന്നും കാണിച്ച് വിജയ് ഗോയല്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. താന്‍ ഒരുതരത്തിലുള്ള മോശമായ പെരുമാറ്റവും നടത്തിയിട്ടില്ല. ഒളിംപിക്‌സിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചാണ് താന്‍ പെരുമാറിയിട്ടുള്ളതെന്നും ഗോയല്‍ അറിയിച്ചു.



Sharing is Caring