മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഞെട്ടിപ്പിക്കുന്ന ഫ്രീകിക്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുറോപ്പ ലീഗ് ഫൈനലിനരികില്‍. ശക്തമായ പോരാട്ടം കണ്ട ആദ്യപാദ സെമിഫൈനലില്‍ അവര്‍ ഏകപക്ഷീയമായ ഒറ്റഗോളിന് സെല്‍റ്റ വിഗോയെ തോല്‍പ്പിച്ചു. കളിയവസാനിക്കാന്‍ 23 മിനിറ്റു ശേഷിക്കെ ഏവരെയും അത്ഭുതപ്പെടുത്തി റാഷ്‌ഫോര്‍ഡിന്റെ ഫ്രീകിക്ക് വലയില്‍ കയറിനിന്നു.
സെല്‍റ്റ വിഗോയുടെ കീപ്പര്‍ സെര്‍ജിയോ ആല്‍വരസ് അദ്യപകുതിയില്‍ അസാമാന്യ പ്രകടനമാണ് നടത്തിയത്. റാഷ്‌ഫോര്‍ഡ്, ഹെന്‍ റിക്ക് മിത്രായന്‍, ജെസി ലിന്‍ഗാര്‍ഡ് എന്നിവരുടെ ഗോളെന്നുറപ്പിച്ച് ഷോട്ടുകള്‍ ആല്‍വെരസ് രക്ഷപ്പെടുത്തി. പക്ഷെ 67-ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡ് തൊടുത്തുവിട്ട ഫ്രികിക്ക് , സ്ഥാനംതെറ്റി നിന്ന് ആല്‍വരസിന് തടയാനായില്ല.
രണ്ടാം പാദ സെമിയില്‍ സെറ്റയോട് തോല്‍ക്കാതിരുന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഫൈനലില്‍ കടക്കാനാകും. ഈ മാസം 24 ന് സ്‌റ്റോക്ക്‌ഹോമിലാണ് കലാശക്കളി. ഒൡമ്പിക് ലിയോണിനെ ആദ്യപാദത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്ത അയാക്‌സും ഫൈനലിനരികിലെത്തി നില്‍ക്കുകയാണ്.

ഗോളിലേയ്ക്കുളള ആദ്യ നീക്കം സെല്‍റ്റയുടെ വകയായിരുന്നു. നെമന്‍ജ റാഡോജ ഗോള്‍മുഖത്തേയ്ക്ക് നീട്ടി നല്‍കിയ ഒന്നാന്തരം ക്രോസില്‍ ഡാനിയല്‍ വാസ് തലവെച്ചെങ്കിലും പന്ത് പുറത്തേയ്ക്ക് പോയി. യുണൈറ്റഡിന്റെ തിരിച്ചടിയില്‍ ഗോള്‍ പിറന്നെന്നുതോന്നി. പക്ഷെ ഇരുപതുവാര അകലെ നിന്നുളള റാഷ്‌ഫോര്‍ഡിന്റെ കര്‍ളിംഗ് ഷോട്ട് സെല്‍റ്റ ഗോളി സെര്‍ജിയോ ഒറ്റക്കൈകൊണ്ട് രക്ഷപ്പെടുത്തി. ഇടവേളയ്ക്ക് മുമ്പ് മാഞ്ചസ്റ്റര്‍ ഒന്ന് രണ്ട് അവസരങ്ങള്‍ കൂടി നഷ്ടപ്പെടുത്തി. ഹെന്റിക്കും ജെസിയുമാണ് അവസരങ്ങള്‍ തുലച്ചത്.
രണ്ടാം പകുതിയിലും സെല്‍റ്റ തകര്‍ത്തുകളിച്ച് അവസരങ്ങള്‍ തുറന്നെങ്കെിലും ഗോള്‍ പിറന്നില്ല. എന്നാല്‍ കളിയവസാനിക്കാന്‍ 23 മിനിറ്റുശേഷിക്കെ ലഭിച്ച ഫ്രീകിക്കിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിലെത്തി. ഇരുപതു വാര അകലെവച്ച് റാഷ്‌ഫോര്‍ഡിനെ ഹ്യുഗോ മാലോ വീഴ്ത്തിയതിനാണ് ഫ്രീക്കിക്ക് വിധിച്ചത്.കിക്കെടുത്ത റാഷ്‌ഫോര്‍ഡ് പന്തു വലയിലാക്കി.അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ സെല്‍റ്റ പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല.













