റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ഉത്തരവ് ; പി എസ് സി നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയില്‍

റാങ്ക് പട്ടികയുടെ കാലാവധി മൂന്നുമാസം നീട്ടാനുള്ള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പി എസ് സി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉചിതമായ കാരണങ്ങളില്ലാതെ പട്ടിക നീട്ടുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ എല്ലാ ജില്ലയിലെയും ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് പരിഗണിച്ച് നേരത്തെ ലിസ്റ്റിന്റെ കാലാവധി നീട്ടിയിരുന്നു. വീണ്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികളുടെ അവസരം നഷ്ടപ്പെടുത്തലാകുമെന്നും ഹർജിയിൽ പറയുന്നു. നാളെ അവസാനിക്കുന്ന റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാനായിരുന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.

അതേസമയം, റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് നാലിന് അവസാനിക്കുന്ന പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *