റബ്ബര്‍ത്തോട്ടത്തില്‍ വന്‍ തീപിടുത്തം


കോലഞ്ചേരി: വലമ്ബൂരിന് സമീപം അയ്യനേത്ത് മലയില്‍ റബ്ബര്‍ത്തോട്ടത്തില്‍ വന്‍ തീപിടുത്തം ഉണ്ടായി. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തൃക്കേപ്പറമ്ബില്‍ ബേബിയുടെ പറമ്ബിലെ കാടുകള്‍ക്ക് തീ പിടിച്ചത് സമീപവാസിയായ അമ്ബാടിയില്‍ കൃഷ്ണകുമാറിന്റെ ഒന്നരയേക്കറോളം വരുന്ന റബ്ബര്‍ത്തോട്ടത്തിലേക്കും പടര്‍ന്നു. വീട്ടുകാരും, നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ നോക്കിയെങ്കിലും കനത്ത കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. കൂടാതെ തോട്ടത്തിലെ വിറകിനും, ഒട്ടുപാലിനും തീ പിടിച്ചതുകാരണം തീയണക്കലിന് ബുദ്ധിമുട്ട് നേരിട്ടു.


സഹായത്തിനായി വിവരം അറിയിച്ചതിനേത്തുടര്‍ന്ന് പട്ടിമറ്റം ഫയര്‍ഫോഴ്സ്, കുന്നത്തുനാട് പോലീസ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി. തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് വാഹനം എത്താന്‍ ബുദ്ധിമുട്ടായതിനാല്‍ വാഹനത്തില്‍നിന്നും ഏറെ ദൂരം ഹോസിട്ടാണ് തീ കെടുത്തിയത്.


തോട്ടത്തിലെ അരയേക്കറോളം ഭാഗത്തുള്ള റബ്ബറിന് ഭാഗീകമായി പൊള്ളലേറ്റു. ഒരേക്കറോളം ഭാഗത്തെ റബ്ബറിലേക്ക് തീ പടരാതിരുന്നത് ഫയര്‍ഫോഴ്സിന്റെ കഠിന ശ്രമഫലമായാണ്. മാത്രവുമല്ല, സമീപത്തുതന്നെയുള്ള സ്ഫോടകവസ്തു സംഭരണകേന്ദ്രത്തിലേക്ക് തീ കടക്കാതെയും രക്ഷാപ്രവര്‍ത്തനം നടത്തി. നാട്ടുകാരും സഹായത്തിനായി ഒപ്പമുണ്ടായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി കെ സുരേഷിന്റെ നേതൃത്വത്തില്‍ എ എസ് സുനില്‍ കുമാര്‍, ബിബിന്‍ എ തങ്കപ്പന്‍, നിതിന്‍ എസ് എസ്, എന്നിവരായിരുന്നു ഫയര്‍ഫോഴ്സ് സംഘത്തില്‍ ഉണ്ടായിരുന്നത്.



Sharing is Caring