ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയും പാഴായി. 310 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യ ഉയര്‍ത്തിയെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ജോര്‍ജ് ബെയ്‌ലി എന്നിവരുടെ സെഞ്ചുറികളുടെ കരുത്തില്‍ ഓസ്‌ട്രേലിയ നാല് പന്ത് ശേഷിക്കെ വിജയത്തിലെത്തി. സ്മിത്ത് 149 റണ്‍സും ബെയ്‌ലി 112 റണ്‍സും നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.
കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ ഓസീസ് ആദ്യം ഒന്നു പകച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാര്‍ രണ്ടു പവലിയനില്‍ മടങ്ങിയെത്തി. ഡേവിഡ് വാര്‍ണര്‍ (5), ആരോണ്‍ ഫിഞ്ച് (8) എന്നിവരെ അരങ്ങേറ്റക്കാരന്‍ ബരീന്ദര്‍ സരന്‍ മടക്കി അയച്ചപ്പോള്‍ ഇന്ത്യ വിജയം പ്രതീക്ഷിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സ്മിത്ത്-ബെയ്‌ലി സഖ്യം സാവധാനം നിയന്ത്രണം ഏറ്റെടുത്തതോടെ ഇന്ത്യ മത്സരം കൈവിടുകയായിരുന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 242 റണ്‍സ് അടിച്ചുകൂട്ടി. സ്മിത്ത് 135 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും ഉള്‍പ്പടെയാണ് 149 റണ്‍സ് നേടിയത്. ബെയ്‌ലി 120 പന്ത് നേരിട്ട് ഏഴ് ഫോറും രണ്ടു സിക്‌സും പറത്തി 112 റണ്‍സ് നേടി. സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.

ധോണി പ്രതീക്ഷ അര്‍പ്പിച്ചിരുന്ന അശ്വിന്‍-ജഡേജ സ്പിന്‍ സംഖ്യത്തെ ഇരുവരും ആക്രമിച്ചതോടെയാണ് ഇന്ത്യയ്ക്ക് ജയം നഷ്ടമായത്. അശ്വിന്‍ ഒന്‍പത് ഓവറില്‍ 68 റണ്‍സ് വഴങ്ങിയപ്പോള്‍ ജഡേജ ഒന്‍പത് ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്തു. ഓപ്പണര്‍മാരുടെ പുറമെ ക്യപ്റ്റന്‍ സ്മിത്തിന്റെ വിക്കറ്റു കൂടി നേടി സരന്‍ അരങ്ങേറ്റം ഗംഭീരമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ തകര്‍ത്തടിച്ചതോടെയാണ് 309 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത്. 171 റണ്‍സോടെ രോഹിത് പുറത്താകാതെ നിന്നു. 163 പന്ത് നേരിട്ട് 13 ഫോറും ഏഴ് സിക്‌സും പറത്തി. 91 റണ്‍സ് നേടി വിരാട് കോഹ്‌ലി രോഹിതിനു മികച്ച പിന്തുണയും നല്‍കി. ഇരുവരും രണ്ടാം വിക്കറ്റില്‍ 207 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 97 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്‌സ്. കോഹ്‌ലി പുറത്തായ ശേഷം എത്തിയ ക്യാപ്റ്റന്‍ എം.എസ്.ധോണി 18 റണ്‍സ് നേടി പുറത്തായി. 10 റണ്‍സോടെ രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു.
രോഹിത് ഏകദിനത്തില്‍ നേടുന്ന ഒന്‍പതാം സെഞ്ചുറിയും ഓസീസിനെതിരേ നേടുന്ന നാലാം സെഞ്ചുറിയുമാണ് പെര്‍ത്തില്‍ പിറന്നത്. ഓസീസിനെതിരേ 1,000 റണ്‍സും രോഹിത് പൂര്‍ത്തിയാക്കി.













