രേവതിയും കജോളും ഒരുമിക്കുന്ന മാസ്മരികത ഇനി ബോളിവുഡില്‍

മലയാളികളുടെ പ്രിയ നടി രേവതി, കജോളിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സലാം വെങ്കി’, ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇരുവരും സമൂഹ മാധ്യമത്തിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്. ഇരുവരും ക്ലാപ്പ് ബോര്‍ഡുമായി ലോക്കേഷനില്‍ നില്‍ക്കുന്ന ഫോട്ടോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പ്രേക്ഷകരെ അഭിനയ ചാതുര്യം കൊണ്ട് ഹരം പിടിപ്പിക്കാറുള്ള കജോള്‍, രേവതിയെന്ന പ്രതിഭയുടെ കൈകളിലെത്തുമ്പോഴുള്ള ആവിഷ്‌കാരം ഒരു അത്ഭുതമായിരിക്കുമെന്നതില്‍ സംശയമില്ല. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളോട് പൊരുതുന്ന സുജാതയെന്ന അമ്മയുടെ കഥയാണ് സിനിമ പറയുന്നത്. പ്രതിസന്ധി ഘട്ടങ്ങളെ ഒരു പുഞ്ചിരിയോടെ മാത്രം നേരിടുന്ന കഥാപാത്രമായാണ് കജോള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
നീണ്ട 11 വര്‍ഷത്തിനു ശേഷമാണ് രേവതി വീണ്ടും സംവിധായകയുടെ കുപ്പായമണിയുന്നത്. 2002-ല്‍ പുറത്തിറങ്ങിയ, ശോഭന കേന്ദ്രകഥാപാത്രം ചെയ്ത ‘മിത്ര്,മൈ ഫ്രണ്ട്’, ദേശീയ പുരസ്‌കാരം നേടിയിരുന്നു. സൗഹൃദവും മാനുഷിക ബന്ധങ്ങളും അതിമനോഹരമായി വരച്ചു കാണിച്ച ചിത്രമായിരുന്നു ‘മിത്ര്,മൈ ഫ്രണ്ട്’. രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്തിട്ടുണ്ട്.
ഹിന്ദിയിലും മറ്റു ഭാഷകളിലും അഭിനയിച്ച, ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ കജോള്‍ സിനിമയില്‍ ഇടവേളകള്‍ എടുത്തിട്ടുണ്ടെങ്കിലും കൃത്യമായ വേഷങ്ങളിലൂടെ തിരിച്ചു വരവും നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു തിരിച്ചു വരവാണ് സലാം വെങ്കി. ലോനാവാലയിലാണ് ആദ്യ ഷൂട്ടിങ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ‘ദി ലാസ്റ്റ് ഹുര്‍റ’ എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും സലാം വെങ്കിയെന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് ചിത്രീകരണം ആരംഭിച്ചത്. രേവതിയും കജോളും ഒന്നിക്കുന്ന ചിത്രത്തിനു വേണ്ടി ആരാധക ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *