കേരളത്തിലെ കോണ്‍ഗ്രസ്സിലെ സംഘടനാ വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കുന്നതിന് രാഹുല്‍ ഗാന്ധി ഇന്ന് വിഎം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വിഎം സുധീരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന് ഇന്നത്തെ യോഗത്തിലും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും. യുഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുന്ന കെഎം മാണിയെ അനുനയിപ്പിക്കുന്നതിനെ കുറിച്ചും രാഹുല്‍ ഗാന്ധി കേരള നേതാക്കളുമായി ആശയവിനിമയം നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിലെ വിഷയങ്ങള്‍ വിവിധ നേതാക്കളുമായി രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തിയിരുന്നു. എംഎല്‍എമാരെയും, എംപിമാരെയും വെവ്വേറെ കണ്ട രാഹുല്‍ കെപിസിസി, ഡിസിസി ഭാരവാഹികളെയും, പോഷക സംഘടനാ നേതാക്കളെയും കണ്ടിരുന്നു. ഇതില്‍ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ വിഎം സുധീരനെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇന്നത്തെ യോഗത്തില്‍ രമേശ് ചെന്നിത്തലയും, ഉമ്മന്‍ചാണ്ടിയും രാഹുല്‍ ഗാന്ധിയോട് ആവര്‍ത്തിക്കും. സുധീരനെ എഐസിസി തലത്തില്‍ പദവി നല്‍കി കേരളത്തില്‍ നിന്ന് മാറ്റണം എന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍.














